തിരുവല്ല: ദേശീയ നിലവാരത്തിൽ കാവുംഭാഗം- ഇടിഞ്ഞില്ലം റോഡിന്റെ പുനരുദ്ധാരണ ജോലി നാളെ തുടങ്ങും. 10 മീറ്റർ വീതിയിലും അഞ്ചു കിലോമീറ്റർ നീളത്തിലുമായി റോഡ് നിർമ്മിക്കാൻ 16.8 കോടി രൂപയാണ് അടങ്കൽ. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് പണി നടത്തുന്നത്. ഒരുവർഷമാണ് കരാർ കാലാവധി. റോഡിന്റെ വീതി തിട്ടപ്പെടുത്തി സർവേക്കല്ലുകൾ സ്ഥാപിച്ചു. കൈയേറ്റമുള്ള ഭാഗങ്ങൾ ഒഴിപ്പിക്കും. വെള്ളക്കെട്ടുള്ള ഭാഗത്ത് റോഡ് ഉയർത്തിയും ഓട നിർമ്മിച്ചുമാണ് പുനരുദ്ധാരണം.
ഇടിഞ്ഞില്ലം പാലം നാളെ പൊളിക്കും
കാവുംഭാഗം -ഇടിഞ്ഞില്ലം റോഡിലെ ഇടുങ്ങിയതും ബലക്ഷയവുമുള്ള ഇടിഞ്ഞില്ലം പാലം വീതികൂട്ടി നിർമ്മിക്കുന്നതിനായി നാളെ പൊളിക്കും.പാലം പൊളിച്ചു ഇടിഞ്ഞില്ലം ഭാഗത്ത് നിന്നാണ് നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിക്കുക. ഇവിടെ ഇരുഭാഗത്തും റോഡ് ഉയർത്തലും നടക്കും.നടന്നുപോകുന്നതിനുള്ള സൗകര്യം ഒരുക്കിയാകും പാലം പൊളിക്കുക.വലിയ വാഹനങ്ങൾക്ക് ഇടിഞ്ഞില്ലത്തുനിന്ന് കാവുംഭാഗത്തേക്ക് പോകാനാവില്ല.എം.സി. റോഡിലെ പെരുന്തുരുത്തിക്കും ഇടിഞ്ഞില്ലത്തിനും ഇടയിലുള്ള പ്ലാംചുവട് കവലയിൽനിന്ന് ആലുംതുരുത്തിയിലേക്കുള്ള റോഡുവഴി കാവുംഭാഗത്തിന് ചെറിയ ലോറി വരെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. എന്നാൽ ഈ വഴിയിലുള്ള വീതികുറഞ്ഞ പാലം അപകടാവസ്ഥയിലാണ്.കായംകുളം-തിരുവല്ല സംസ്ഥാനപാതയിലൂടെ വരുന്ന വാഹനങ്ങളിലധികവും കാവുംഭാഗത്തുനിന്ന് ഇടിഞ്ഞില്ലം വഴിയാണ് ചങ്ങനാശേരി ദിശയിലേക്ക് പോകുന്നത്.പാലം പൊളിക്കുന്നതോടെ മാസങ്ങളോളം ഈ യാത്ര നിലയ്ക്കും.
ഗതാഗത നിയന്ത്രണം
കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഇടിഞ്ഞില്ലം പാലം പൊളിക്കുന്നതിനാൽ നാളെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.വാഹനങ്ങൾ അനുബന്ധ റോഡുകളിലൂടെ കടന്നുപോകണമെന്ന് അസി.എക്സി.എൻജിനിയർ സുഭാഷ് അറിയിച്ചു.
-10 മീറ്റർ വീതിയിലും അഞ്ചു കിലോമീറ്റർ നീളത്തിലും റോഡ് നിർമ്മാണം
-16.8 കോടി രൂപ അടങ്കൽ
- കരാർ കാലാവധി ഒരു വർഷം