അടൂർ: ക്രിസ്തുദേവന്റെ തിരുപ്പിറവി വിളിച്ചോതി അടൂരിൽ നടന്ന സംയുക്ത ക്രിസ്മസ് ആഘോഷം വർണാഭമായി. വിവിധ ഇടവകകളിൽ നിന്നെത്തിയവർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പളളിക്ക് സമീപം കേന്ദ്രീകരിച്ചു. അവിടെ നിന്നും ആരംഭിച്ച റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. പരമ്പരാഗത നൃത്തങ്ങൾ, വാദ്യമേളങ്ങൾ,നിരവധി നിശ്ചല ദൃശ്യങ്ങൾ,ക്രിസ്മസ് ഫാദറിന്റെ വേഷം ധരിച്ചവരുടെ ബൈക്ക് റാലി, വാദ്യമേളങ്ങൾ എന്നിവ റാലിക്ക് കൊഴുപ്പേകി. സമാപന സമ്മേളനം മലങ്കര മർത്തോമ്മ സുറിയാനി സഭ അടൂർ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ സന്ദേശം നൽകി. ആന്റോ ആന്റണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, ഫാ.തോമസ് പൂവണ്ണാൽ, ബിനുവാര്യത്ത്, ഷൈനി ബോബി, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, ക്യാപ്റ്റൻ സാബു വിൻസൻ, ഫാ.പി.ജെ ജോയി, മാത്യു വീരപ്പള്ളി, അടൂർ സുഭാഷ് എന്നിവർ പ്രസംഗിച്ചു.