പത്തനംതിട്ട : പ്രളയം കവർന്ന ആറന്മുള ഖാദിയ്ക്ക് ജീവശ്വാസം നൽകാൻ വീണ്ടും ശ്രമം നടക്കുകയാണ്. ആദ്യപടിയായി ഖാദി ഫെസ്റ്റ് നടന്നു വരികയാണിപ്പോൾ.
നാട്ടിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന് സൊസൈറ്റി രൂപീകരിച്ച് 2017ൽ പ്രവർത്തനമാരംഭിച്ച ആറന്മുള ഖാദിഷോറും മഹാപ്രളയത്തിൽ പൂർണമായും മുങ്ങിപ്പോയിരുന്നു. ഉള്ള സമ്പാദ്യങ്ങൾ പ്രളയം ഒഴുക്കിക്കൊണ്ട് പോയപ്പോഴും ഖാദി എന്ന സ്ഥാപനത്തോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം കണക്കിലെടുത്ത് അവർ വീണ്ടും ഖാദി ഷോറും മടക്കികൊണ്ടുവരികയാണ്.
ആറന്മുള എന്ന പൈത്യക ഗ്രാമത്തിന്റെയും ഖാദി എന്ന സ്ഥാപനത്തിന്റെയും പരിശ്രമങ്ങൾക്ക് പ്രോത്സാഹനവുമായി കൊച്ചിൻ ഷിപ്പിയാർഡും ഖാദി കമ്മിഷനും ഖാദി ഗ്രാമ വ്യവസായ ബോർഡും ഒപ്പം പൊതുസമൂഹവും കൈകോർക്കുകയാണ്.
കൊച്ചിൻ ഷിപ്പ് യാർഡ് അനുവദിച്ച പതിനൊന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് ആറൻമുള ഖാദി ഫെസ്റ്റ് ഒരുക്കിയത്. ഖാദി കമ്മിഷനും ഖാദിബോർഡും സഹായങ്ങളുമായി ഒപ്പമുണ്ട്. ആറൻമുള ഖാദിയിൽ നിർമ്മിച്ച തുണിത്തരങ്ങൾക്കൊപ്പം ഇന്ത്യയിലെ വിവിധ ഖാദിയൂണിറ്റുകളിൽ നിർമ്മിക്കുന്ന തുണിത്തരങ്ങളുടെ വിപുലമായ ശേഖരം പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ നാടൻ ഉൽപ്പന്നങ്ങളും വിവിധ ആയുർവേദ ഔഷധങ്ങളും തേനും തേനുൽപ്പന്നങ്ങളും ആറന്മുള ഖാദി ഫെസ്റ്റിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നു. ഗാന്ധിജിയുടെയും കസ്തൂർബായുടെയും 150-ാം ജന്മ വാർഷികമാഘോഷിക്കുമ്പോൾ പൈതൃക ഗ്രാമമായ ആറന്മുളയിൽ സംഘടിപ്പിച്ചിരിക്കുന്ന ഖാദി ഫെസ്റ്റിനെപ്പറ്റി കേട്ടറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് എത്തുന്നത്.
പ്രളയത്തിൽ തകർത്തആറന്മുള ഖാദിഷോറും വീണ്ടെടുക്കാൻ ശ്രമം
ആറൻമുളയിൽ ഖാദി ഫെസ്റ്റ് തുടങ്ങി
കൊച്ചിൻ ഷിപ്പ് യാർഡ് ഫെസ്റ്റിന് നൽകിയത് 11 ലക്ഷം
തുണിത്തരങ്ങൾക്കൊപ്പം വിവിധ നാടൻ ഉൽപ്പന്നങ്ങളും