അടൂർ: കരാറുകാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ കരാർ പണികൾ നിറുത്തിവയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനത്തിലേക്ക് നീങ്ങുമെന്ന് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കരാറുകാരുടെ കുടിശിക അനുവദിക്കുക. കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കുക, ഒരു കോടി രൂപ വരെയുള്ള വർക്കുകൾക്ക് ഡിപ്പാർട്ട്മെന്റ് ടാർ നൽകുക, സെക്യൂരിറ്റി കാലാവധി വർദ്ധിപ്പിച്ചത് പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം. ഏറ്റെടുത്ത കരാർജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്ത വിധം നിസ്സഹകരണത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ് സൈബു, താലുക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ് അമ്പാടി, സെക്രട്ടറി കമറുദ്ദീൻ മുണ്ടുതറയിൽ, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.വിത്സൺ, ലിൻസൻ ജോർജ്ജ് എന്നിവർ പറഞ്ഞു.