തിരുവല്ല: ചക്കുളത്തുകാവ് ഭഗവതിക്ഷേത്ര സന്നിധിയിലേക്ക് നടന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. വൈകിട്ട് കാവുംഭാഗം എറങ്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടാണ് തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചത്. നിരവധി ഫ്‌ളോട്ടുകളും നിശ്ചല ദൃശ്യങ്ങളും കെട്ടുകാഴ്ചകളും തമിഴ്‌നാട് സ്വദേശി വജ്രവേൽ വഴിപാടായി സമർപ്പിച്ച പത്തടി ഉയരമുള്ള ചക്കുളത്തമ്മയുടെ പഞ്ചലോഹ വിഗ്രഹവും ഘോഷയാത്രയെ കമനീയമാക്കി. കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, നെടുമ്പ്രം എന്നീ ജംഗ്ഷനിൽ വിവിധ ക്ഷേത്രഭാരവാഹികളും രാഷ്ട്രീയ - സാമുദായിക - സാംസ്‌കാരിക പ്രവർത്തകരും വൻവരവേൽപ്പ് നൽകി. നെടുമ്പ്രം പുത്തൻകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് കാവടി വിളക്കും നീരേറ്റുപുറം എൻ.എസ്.എസ് കരയോഗത്തിന്റേയും ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് യൂണിറ്റിന്റേയും നേതൃത്വത്തിൽ നടന്ന താലപ്പൊലി ഘോഷയാത്ര തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുത്തു. ദേവിക്ക് ചാർത്താനുള്ള തങ്കതിരുവാഭരണവും അമൂല്യരത്‌നങ്ങൾ പതിച്ച എട്ട് തൃക്കൈകളും മനോഹമായി രൂപകല്പ്പന ചെയ്ത കിരീടവും ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു. രാത്രി 9.30ന് ദേവിക്ക് തിരുവാഭരണം ചാർത്തി സർവമംഗള ആരതി നടന്നു. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, അഡ്മനിസ്‌ട്രേറ്റർ അഡ്വ.കെ.കെ. ഗോപാലകൃഷ്ണൻ നായർ, ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, സുരേഷ് കാവുംഭാഗം, ദുർഗ്ഗാദത്തൻ നമ്പൂതിരി, പഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത്, ഉത്സവകമ്മിറ്റി പ്രസിഡന്റ് കെ.സതീഷ്കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, ചക്കുളത്തമ്മ മാതൃവേദി പ്രസിഡന്റ് രാജി അന്തർജ്ജനം, സെക്രട്ടറി ഷേർലി അനിൽ, അഡ്വ.അഭിലാഷ് ചന്ദ്രൻ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി. പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് 9ന് ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടി, കരകം വരവ്, ആനപ്രമ്പാൽ മുത്താരമ്മൻ കോവിലിൽ നിന്ന് എണ്ണക്കുടം വരവ് എന്നിവ ക്ഷേത്രത്തിൽ എത്തുന്നതോടെ മഞ്ഞനീരാട്ടും ചക്കരക്കുളത്തിൽ ആറാട്ടും നടക്കും.