അടൂർ: കഴിഞ്ഞ ദിവസം അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അലംഭാവത്തെ തുടർന്ന് ഗർഭിണിക്ക് ചികിത്സ വൈകിയ സംഭവത്തിൽ ഡി.എം.ഒ അടൂർ ഗവ: ജനറൽ ആശുപത്രിയിൽ എത്തി അന്വേഷണം നടത്തി. യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്നാണ് ഡി.എം.ഒ ഡോ. ഷീജ എത്തിയത്. ഡിസംബർ 21ന് പ്രസവത്തിനായി അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെറുപുഞ്ച സ്വദേശിനിക്കാണ് ഡോക്ടർമാരുടെ നിസ്സകരണത്തിൽ ദുരിതം അനുഭവിക്കേണ്ടി വന്നത്. രാവിലെ ആശുപത്രിയിൽ വന്ന യുവതിയെ ഡോക്ടർ പരിശോധിച്ചത് ഉച്ചയ്ക്ക് ശേഷമാണ്. യുവതിയുടെ നില വഷളായതിനെ തുടർന്ന് അടൂർ പതിനാലാം മൈലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു. ജനറൽ ആശുപത്രിയിൽ അന്നേ ദിവസം ജോലിയിലുണ്ടായിരുന്ന ഡോക്ടർക്ക് ഇക്കാര്യത്തിൽ തികഞ്ഞ അശ്രദ്ധയുണ്ടായതായി യുവതിയുടെ ഭർത്താവ് ഡി.എം. ഒ യ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടി കാട്ടിയിരുന്നു. ഇത് സംബന്ധിച്ച് വ്യാഴാഴ്ച്ച ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ വിലയിരുത്തുകയും ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഇന്നലെ ഡി.എം.ഒ തെളിവ് ശേഖരിച്ചത്. ആശുപത്രി അധികൃതരുടെ യോഗത്തിൽ ഡോക്ടർമാർ കൃത്യമായി ജോലി ചെയ്യണമെന്നും ഇനി ഒരു വീഴ്ച്ചകളും സംഭവിക്കാൻ പാടില്ലെന്നും കർശന നിർദ്ദേശം നൽകിയാണ് മടങ്ങിയത്. സംഭവ ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെ ആശുപത്രിയിൽ തടസം നേരിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഡി.എം.ഒ പറഞ്ഞു.