തിരുവല്ല: അപ്പർകുട്ടനാട്ടിലെ കാർഷികമേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷമായി.കൃഷിയിടങ്ങൾ ഒന്നിച്ചുകിടക്കുന്ന പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ ഒരേസമയം കൃഷിനടപടികൾ ആരംഭിച്ചതാണ് തൊഴിലാളിക്ഷാമം രൂക്ഷമാക്കിയത്.ഇതുകാരണം കൃഷി ആരംഭിക്കും മുമ്പ് പാടശേഖരങ്ങളിലെ പായലും പോളയും പൂർണമായും നീക്കം ചെയ്യാതെയാണ് ചിലയിടങ്ങളിൽ കർഷകർ വിതച്ചത്.പുഞ്ചക്കൃഷിക്ക് വിതയെറിഞ്ഞ കുട്ടനാട്,അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലാണ് തൊഴിലാളികളെ കിട്ടാതെ കർഷകർ ഏറെ വലയുന്നത്.ഈ മേഖലകളിൽ ഏതാണ്ട് ഒരേസമയങ്ങളിലാണ് വിത തുടങ്ങിയത്.മിക്ക പാടശേഖരങ്ങളിലും വിതയോടനുബന്ധിച്ചു നടക്കേണ്ട പണികൾ പലതും തടസപ്പെട്ടു.പാടശേഖരങ്ങളിൽ പണിയെടുക്കാൻ നാമമാത്രമായി പോലും നാട്ടുകാരായ തൊഴിലാളികളെ കിട്ടാനില്ല.അപൂർവമായി വരുന്ന തൊഴിലാളികൾക്ക് അമിതകൂലിയും നൽകണം. കള പറിയ്ക്കാൻ തൊഴിലാളികൾ ഇല്ലാത്തതിനാൽ കളനാശിനി അടിച്ചു പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നു.വിത്ത് വിതയ്ക്കൽ മുതൽ കൊയ്ത്ത് വരെ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പലരും കൃഷി ചെയ്യുന്നത്.തമിഴ്‌നാട്ടിൽ നിന്നും യന്ത്രങ്ങൾ ലഭിച്ചില്ലെങ്കിൽ കൊയ്ത്തും മെതിയും വരെ മുടങ്ങുന്ന ദുരവസ്ഥയാണുള്ളത്.
സർക്കാർ രേഖയിൽ തൊഴിലാളികൾക്ക് കുറവില്ല
പത്തനംതിട്ട,ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി വിഹിതം അടയ്ക്കുന്നത് ഒരു ലക്ഷത്തിനുമേൽ തൊഴിലാളികളുണ്ട്.പത്തനംതിട്ടയിൽ മാത്രം 60 വയസിൽ താഴെയുള്ള തൊഴിലാളികൾ 68883 പേരുണ്ട്.രേഖയിൽ മാത്രം തൊഴിലാളികളായി ആനുകൂല്യം പറ്റുന്നതല്ലാതെ ജോലിക്ക് പോകുന്നവർ കുറവായതാണ് തൊഴിലാളിക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.ആനുകൂല്യം പറ്റുന്നവരിൽ നാലിലൊന്നു പേരെങ്കിലും പാടത്ത് പണിക്കിറങ്ങിയാൽ തന്നെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകും.ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യുകയും തൊഴിലാളി സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നതിൽ ഒതുങ്ങുകയാണ് പലരുടെയും തൊഴിൽ.കർഷകതൊഴിലാളി സംഘടനകൾ തങ്ങളുടെ ശക്തിയും സ്വാധീനവും കാണിക്കാനായി ഇത്തരം വ്യാജത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും പരാതിയുണ്ട്.പാടത്ത് പണിയെടുക്കാൻ അന്യസംസ്ഥാനക്കാരും ക്ഷേമനിധി ബോർഡിൽ നിന്ന് ആനുകൂല്യങ്ങൾ നേടാൻ ഇവിടുത്തെ തൊഴിലാളികളും എന്നതാണ് സ്ഥിതി. പറിച്ചുനടീൽ,കള പറിക്കൽ,മരുന്നടി, വെള്ളംകയറ്റൽ,ഇറക്കൽ എന്നീ പണികളാണ് ഇനി നടക്കേണ്ടത്.ഈ ജോലികളാകട്ടെ യന്ത്രവത്കൃതമല്ലാത്തതിനാൽ മനുഷ്യപ്രയത്‌നം ആവശ്യമാണ്.
പഞ്ചായത്തുകൾ കൃഷിഭവനുകളുമായി സഹകരിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പല പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന് മാത്രം യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
(കർഷകർ)
-തൊഴിലാളി ക്ഷാമം രൂക്ഷമാകാൻ കാരണം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒരേസമയം കൃഷിനടപടികൾ ആരംഭിച്ചത്
-വ്യാജത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതായി പരാതി
-പത്തനംതിട്ടയിൽ 60 വയസിൽ താഴെയുള്ള തൊഴിലാളികൾ 68883 പേർ
-ആനൂകൂല്യം പറ്റുന്ന നാലിൽ ഒന്ന് തൊഴിലാളികൾ പണിക്കിറങ്ങുന്നില്ല