പത്തനംതിട്ട: ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ കടകളിൽ ആവശ്യത്തിന് തുണിസഞ്ചികളും പേപ്പർ ബാഗുകളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌​ട്രേട്ട് അലക്‌​സ് പി.തോമസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം ജില്ലാ ശുചിത്വമിഷന് നിർദേശം നൽകി. രാജു ഏബ്രഹാം എം.എൽ.എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന തുണികൾ ശേഖരിച്ച് സഞ്ചികൾ തയാറാക്കി വിതരണം ചെയ്യണമെന്ന് മാത്യു ടി തോമസ് എം.എൽ.എ നിർദേശിച്ചു. തുണിസഞ്ചികളും പേപ്പർ ബാഗുകളും തയാറാക്കി ആവശ്യാനുസരണം വ്യാപാരികൾക്ക് നൽകുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്ക് നിർദേശം നൽകാമെന്ന് ശുചിത്വമിഷൻ ജില്ലാ കോ​ഓർഡിനേറ്റർ സി. രാധാകൃഷ്ണൻ അറിയിച്ചു. കടകളിൽ പോകുമ്പോൾ സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നതിന് എല്ലാവരും തുണിസഞ്ചി കരുതണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിവാഹവേദികളിലും മറ്റും ഉള്ളിൽ പ്ലാസ്റ്റിക്കുള്ള പേപ്പർ കപ്പുകളും പ്ലാസ്റ്റിക് ഇലകളും ഉപയോഗിക്കുന്നുണ്ടെന്നും ഇവ ഒഴിവാക്കണമെന്നും രാജു ഏബ്രഹാം എം.എൽ.എ നിർദേശിച്ചു.

കടപ്ര, നിരണം പഞ്ചായത്തുകളിൽ കാൻസർ രോഗം: അടിയന്തര നടപടി വേണം


കടപ്ര, നിരണം പഞ്ചായത്തുകളിലെ കാൻസർ രോഗത്തിന്റെ കാരണം കണ്ടെത്തുന്നതിന് അടിയന്തര നടപടി വേണമെന്ന് ആവശ്യമുയർന്നു. ദേശീയ ശരാശരിയേക്കാൾ കൂടുതൽ രോഗം കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിൽ സ്​ക്രീനിംഗ് വേഗം നടത്തണം. ആരോഗ്യ ക്യാമ്പുകൾ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തുന്നതിന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ നിർദേശം നൽകണമെന്നും മാത്യു ടി.തോമസ് പറഞ്ഞു. എഴുമറ്റൂർ പഞ്ചായത്തിൽ കാൻസർരോഗം പടരുന്നതു സംബന്ധിച്ച് പഠനം നടത്തണമെന്ന് ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി അഡ്വ.കെ. ജയവർമ്മ ആവശ്യപ്പെട്ടു.

തിരുവല്ല ബൈപാസ്: പണി പൂർത്തിയാക്കണം

തിരുവല്ല റെയിൽവേ സ്‌​റ്റേഷനു മുന്നിലൂടെയുള്ള റോഡ് ആന്റോ ആന്റണി എം.പി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് റെയിൽവേയോട് ആവശ്യപ്പെടണമെന്ന് മാത്യു ടി തോമസ് പ്രമേയം അവതരിപ്പിച്ചു. ആവശ്യമെങ്കിൽ അധികമായി വരുന്ന പണം എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല ബൈപ്പാസിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ബൈപ്പാസിന്റെ നിർമാണത്തിന് ആവശ്യമായ മണ്ണ് ലഭ്യമാക്കുന്നതിന് ജിയോളജി വകുപ്പ് പരിഗണന നൽകണം. മുത്തൂർ ജംഗ്ഷനിലെ സിഗ്‌നൽ ലൈറ്റ് എത്രയും വേഗം സ്ഥാപിക്കണം. കുന്നന്താനം പാലക്കത്തകിടി ഗവ. സ്​കൂളിന് വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിക്കണം. പന്നായി - ​തേവേരി റോഡ്, അഴിയിടത്തുചിറ​ - മേപ്രാൽ, കാഞ്ഞിരത്തുംമുറി - ചാത്തങ്കേരി റോഡുകൾ നവീകരിക്കുന്നതിന് പദ്ധതി തയാറാക്കണം. തിരുവല്ല ട്രഷറിയുടെ അറ്റകുറ്റപ്പണി അടിയന്തരമായി ചെയ്യണം. പെരിങ്ങര പഞ്ചായത്ത് ഓഫീസിനു മുന്നിലെയും ജംഗ്ഷനിലെയും വെള്ളക്കെട്ട്, നികത്തിയ സ്ഥലങ്ങൾ പൂർവസ്ഥിതിയിലാക്കി പരിഹരിക്കണം. പുറമറ്റം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്ഥലത്ത് കല്ലിടുന്നതിന് നടപടിയെടുക്കണം. പദ്ധതിക്ക് അനുവദിച്ച 60 കോടി രൂപ പാഴായി പോകരുത്. തിരുവല്ല​ - മല്ലപ്പള്ളി​ - ചേലക്കൊമ്പ് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അലൈൻമെന്റ് സ്‌​കെച്ച് റിക്ക് ഉടൻ ലഭ്യമാക്കണം. താലൂക്ക് വികസന സമിതികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായും പങ്കെടുക്കണമെന്നും മാത്യു ടി തോമസ് എം.എൽ.എ നിർദേശിച്ചു.