മല്ലപ്പള്ളി: മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ടോയ്‌​ലറ്റ് സമുച്ചയ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് സ്ഥലം സന്ദർശിച്ച അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് കൊച്ചി ആസ്ഥാനമായ കേരളാ ഇലക്ടിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് (കെൽ) എന്ന സ്ഥാപനമാണ് നിർമ്മാണം നടത്തുന്നത്.115 ലക്ഷം രൂപയാണ് അടങ്കൽ തുക. താലൂക്ക് ആസ്ഥാനത്ത് എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് മതിയായ സൗകര്യമില്ലെന്ന് പഞ്ചായത്ത് നൽകിയ നിവേദനത്തെ തുടർന്നാണ് എം.എൽ.എ ഇതിനായി തുക വകയിരുത്തിയത്. പഞ്ചായത്ത് കണ്ടെത്തി കൈമാറിയ സ്ഥലത്താണ് നിർമ്മാണം നടത്തുന്നത്. ഇരുനിലകളിലായി വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ശുചിമുറിയുടെ മാതൃകയിലാണ് ശുചിമുറി സമുച്ചയം നിർമ്മിക്കുന്നത്.അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ മണ്ണ് പരിശോധന അടക്കമുള്ള പ്രവർത്തികൾ നേരത്തേ നടത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷം സ്ഥലം സന്ദർശിച്ച എം.എൽ.എ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദേശം നൽകി. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ഇമ്മാനുവേൽ, ബിജി വർഗീസ്,ജേക്കബ് തോമസ്,പഞ്ചായത്ത് സെക്രട്ടറി പി.കെ.ജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അലക്‌​സ് കണ്ണമല,ജോർജ്കുട്ടി പരിയാരം,രാജൻഎം.ഈപ്പൻ, കെല്ലിന്റെ പ്രതിനിധി അബ്ദുൾ ഷുക്കൂർ എന്നിവരും എം.എൽ.എയ്‌​ക്കൊപ്പമുണ്ടായിരുന്നു.