കോന്നി : പ്രമാടത്തിന് ഉത്സവച്ഛായ സമ്മാനിച്ച് കോന്നി ഫെസ്റ്റിന് തിരക്കേറി. ആട്ടവും പാട്ടുമായി ആർത്തുല്ലസിക്കാൻ നൂറുകണക്കിന് ആളുകളാണ് പ്രമാടത്തേക്ക് എത്തുന്നത്. കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്ന് ഉൾപ്പടെ മേളയുടെ മികവ് കേട്ടറിഞ്ഞ് ആളുകൾ എത്തുന്നുണ്ട്. അടൂർ പ്രകാശ് എം.പിയുടെ മേൽനോട്ടത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൾച്ചറൽ ഫോറം ചെയർമാനുമായ റോബിൻ പീറ്റർ, കൺവീനർ ശ്യാം.എസ്.കോന്നി, കോന്നി ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഫോറം ട്രഷററുമായ കെ. വിശ്വംഭരൻ തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. രാത്രി വൈകിയും സന്ദർശകരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. തിരക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ പതിവിലും നേരത്തെ മേള തുടങ്ങിയിരുന്നു.

ആധുനിക രീതിയിലുള്ള നൂറിൽപരം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായുള്ള വിനോദങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ, റൈഡുകൾ, മിനി ബോട്ടിംഗ്, ഗോസ്റ്റ് ഹൗസ്, ഫുഡ് കോർട്ട്, പുഷ്പ -ഫല പ്രദർശനം, വിപണനം, വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ, വ്യക്തിത്വ വികസന പഠനകളരി, കലാസന്ധ്യകൾ തുടങ്ങിയവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഫെസ്റ്റിൽ ഇന്ന് പ്രവാസി സംഗമം നടക്കും. കോന്നി താലൂക്കിലെ വിവിധ പ്രവാസി സംഘടനാ പ്രവർത്തകരും അവരുടെ കുടുംബവും ഒത്തുചേരും. "ഓർമ്മകളുടെ തീരത്ത്, ഒരുമയുടെ സ്നേഹ സ്പർശം " എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ഉച്ചയ്ക്ക് രണ്ടിന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് കലാസന്ധ്യ സീരിയിൽ സംവിധായകൻ ഗിരീഷ് കോന്നി ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൾച്ചറൽ ഫോറം ചെയർമാനുമായ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കൊച്ചിൻ ഗിന്നസ് അവതരിപ്പിക്കുന്ന മെഗാഷോ.

നാളെ വൈകിട്ട് ആറിന് നടന വിസ്മയം, ഏഴിന് ചിരിമാസ് കോമഡി ഷോ. 31ന് രാവിലെ 10ന് കളിയും കാര്യവും വ്യക്തിത്വ വികസന പഠന കളരി, വൈകിട്ട് ആറിന് കലാസന്ധ്യ, ഏഴ് മുതൽ ന്യൂ ഇയർ കാർണിവൽ. ജനവുരി ഒന്നിന് വൈകിട്ട് ആറിന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും. ഏഴ് മുതൽ മെഗാ ഗാനമേള.