പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിർഭയ ദിനത്തോട് അനുബന്ധിച്ച് ഇന്ന് ജില്ലയിലെ നാല് കേന്ദ്രങ്ങളിലെ നഗര വീഥികളിൽ സധൈര്യം മുന്നോട്ട് പൊതുഇടം എന്റേതും എന്ന സന്ദേശത്തിന്റെ പ്രചാരണാർത്ഥം രാത്രി 11 മുതൽ പുലർച്ചെ ഒന്നു വരെ സ്ത്രീകൾ നടക്കും. ജില്ലയിലെ വനിതാ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ, സാംസ്‌കാരിക മേഖലയിലെ പ്രമുഖ വനിതകൾ തുടങ്ങിയവർ പങ്കെടുക്കും.

പത്തനംതിട്ട നഗരസഭാ പരിധിയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ജനറൽ ആശുപത്രി റോഡ് വഴി കളക്ടറേറ്റിലേക്ക് ആദ്യ സംഘവും ശിശുവികസന ഓഫീസിൽ നിന്ന് സെൻട്രൽ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് രണ്ടാമത്തെ സംഘവും നടക്കും. പന്തളം മുനിസിപ്പാലിറ്റിയിൽ പന്തളം സെൻട്രലിൽ നിന്ന് മെഡിക്കൽ മിഷൻ ആശുപത്രി വരെയും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് ഗവ.മഹിളാ മന്ദിരത്തിലേക്കും സ്ത്രീകൾ നടക്കും.

ഏത് രാത്രിയിലും സ്ത്രീകൾ പൊതുനിരത്തിൽ സുരക്ഷിതരാകണം എന്നതിന്റെ തുടക്കമാണ് ഈ പദ്ധതി. വരും ദിവസങ്ങളിൽ കൂടുതൽ പേർ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ സ്ത്രീകൾ രാത്രിയിൽ ഇറങ്ങിനടക്കുകയെന്നത് സാധാരണമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.