കോഴഞ്ചേരി: പട്ടാപ്പകൽ നടുറോഡിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ട കേസിൽ സഹോദരി പുത്രൻ പിടിയിൽ. ക്രിസ്മസിന് തലേന്ന് കോളഭാഗം ചള്ളക്കുഴി പറമ്പിൽ പന്നിമാവുങ്കൽ തോമസ് ഏബ്രഹാമിനെ (ജോജി ) വീടിനു സമീപം റോഡിൽ കുത്തിപരിക്കേല്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പുല്ലാട് കുറവൻകുഴി മുക്കൂട്ട് താഴ്ചയിൽ റിറ്റോ ജോണാ (റിനു 27) ണ് പിടിയിലായത്. കഴിഞ്ഞ 24ന് പട്ടാപ്പകൽ നടുറോഡിൽ കുത്തേറ്റു കിടന്ന തോമസ് ഏബ്രഹാമിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2012ൽ തോമസ് ഏബ്രഹാമിന്റെ കാല് തല്ലിയൊടിച്ച കേസിൽ രണ്ടാ പ്രതിയായ റിറ്റോയെ കഴിഞ്ഞ ഒമ്പതിന് പത്തനംതിട്ട സി.ജെ.എം കോടതി നാലുവർഷത്തേക്കു ശിക്ഷിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ റിറ്റോ തോമസ് ഏബ്രഹാമിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 15 ഓളം കുത്തുകൾ ഇയാളുടെ ശരീരത്തിലുണ്ടായിരുന്നു. റിറ്റോയെ കൊട്ടാരക്കര സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. എസ്.ഐമാരായ ബി. രമേശൻ, രാകേഷ് കുമാർ, എ.എസ്.ഐമാരായ വിനോദ് കുമാർ, മനോജ്, അജികുമാർ, സുധീഷ് തുടങ്ങിയവരടങ്ങുന്ന സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ കുടുക്കിയത്.