പത്തനംതിട്ട: പമ്പാ നദിയെ പരിശുദ്ധമായി കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ജലസ്രോതസുകളുടെ പുനരുജ്ജീവനവും സംരക്ഷണവും ലക്ഷ്യമാക്കി നടപ്പാക്കിയ ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിന്റെ ജില്ലാ തല സമാപനവും ചേന്നങ്കരകരിമാളൻതോട് മാലിന്യമുക്തമാക്കുന്നതും കൊടുമണ്ണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇന്ന് ഏറ്റവും കൂടുതൽ മലിനമാകുന്ന നമ്മുടെ പുണ്യ നദിയായ പമ്പയുടെ ശുദ്ധീകരണം ഏറ്റവും പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടതുണ്ട്. തോടുകളും നദികളും ശുദ്ധീകരിക്കുന്നതിനൊപ്പം അതിന്റെ ഇരുവശവും തിട്ട കെട്ടി സംരക്ഷിക്കാനുള്ള പദ്ധതികളും നടപ്പാക്കണം. ഇത് തൊഴിലുറപ്പ് പദ്ധതിയുമായി സംയുക്തമായി നടപ്പാക്കാൻ കഴിയണം. നാടിന്റെ ഹരിതാഭ സംരക്ഷിക്കുന്നതിലും മാലിന്യ മുക്തമാക്കുന്നതിലും ജില്ലയിലെ പ്രവർത്തനം കേരളത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം ജില്ല കോഓർഡിനേറ്റർ ആർ. രാജേഷ് പദ്ധതി വിശദീകരിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് ജലപ്രതിജ്ഞ ചൊല്ലി. കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ.ബി രാജീവ് കുമാർ, ബി. സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, പറക്കോട് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. പ്രകാശ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാരദ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ ഉദയകുമാർ, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലളിതാ രവീന്ദ്രൻ, വാർഡ് മെമ്പർമാരായ ആരതി, ലീലാമണി വാസുദേവൻ, ജ്യോതിലക്ഷ്മി, ചിരണിക്കൽ ശ്രീകുമാർ, കെ. ഓമനയമ്മ, പുഷ്പലത, എ.ജി ശ്രീകുമാർ, കൃഷി ഓഫീസർ എസ്. ആദില, കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എ.എൻ സലീം, എം.ജി.എൻ.ആർ.ഇ.ജി.എസ് എ.ഇ ബിന്ദു എസ്.പിള്ള, സി.ഡി.എസ് ചെയർപേഴ്‌സൺ സുമതി ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോഷ്വാ ജേക്കബ് എന്നിവർ പങ്കെടുത്തു.