പന്തളം: നഗരസഭ പ്ലാസ്റ്റിക്ക് ഷഡിംഗ് യൂണിറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുവാൻ എത്തിയ വാഹനം നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവം. കാറ്ററിംഗ് സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങൾ തള്ളാനാണ് ശ്രമിച്ചത്. കെ.എൽ ​05 ​ഇ​581 രജിസ്ട്രേഷനിലുള്ള ടെമ്പോയുടെ ഉടമയ്‌ക്കെതിരെ 5,000 രൂപ പിഴ ഈടാക്കി.
നഗരസഭാ പ്രദേശത്ത് വഴികളിലും ജലാശയങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം രാത്രികാല പരിശോധനകൾ കർശനമാക്കിയിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ എസ്.എസ്, ഓഫീസ് ജീവനക്കാർ എന്നിവരാണ് വാഹനം പിടിച്ചെടുത്തത്. പ്ലാസ്റ്റിക്ക് ഷഡിംഗ് യൂണിറ്റിന് സമീപം രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാരെ കണ്ടെത്തി 25,000 രൂപ വരെ പിഴ ഈടാക്കുകയും വാഹന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ബി​നുജി ജി. അറിയിച്ചു.