ചങ്ങനാശേരി : മണിമലയാറ്റിൽ ശാസ്താംകോയിക്കൽ തേലപ്പുഴക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചങ്ങനാശേരി പച്ചക്കറി മാർക്കറ്റിന് സമീപം ഇലഞ്ഞിപ്പറമ്പിൽ വീട്ടിൽ മാർട്ടിൻ സെബാസ്റ്റ്യന്റെ മകൻ സച്ചിൻ മാർട്ടിൻ (19), ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങര റൂബി നഗർ പുതുപ്പറമ്പിൽ പി.കെ സുരേഷിന്റെ മകൻ ആകാശ് സുരേന്ദ്രൻ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നാണ് 12 പേർ ഒന്നിച്ച് ബൈക്കിൽ മല്ലപ്പള്ളിക്കടുത്തുള്ള വായ്പ്പൂരിലേക്ക് തിരിച്ചത്. 3.30 ഓടെ കുളിക്കാനിറങ്ങിയ ആകാശ് മണൽ എടുത്ത ആഴമുള്ള കയത്തിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്താൻ ചാടിയ സച്ചിനും വെള്ളത്തിൽ താഴ്ന്നതോടെ കൂട്ടുകാർ നിലവിളിച്ചു. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹങ്ങൾ മല്ലപ്പള്ളി മാത്തൻ മെഡിക്കൽ ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. സംസ്‌കാരം പിന്നീട്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ ഒന്നാംവർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് സച്ചിൻ. മാതാവ് : സുനി. സഹോദരി: സൗമ്യ. പത്തനംതിട്ട മൗണ്ട് സീയോൻ കോളേജിലെ ഒന്നാംവർഷ നിയമ വിദ്യാർത്ഥിയാണ് ആകാശ്. മാതാവ് : ഗീത. സഹോദരങ്ങൾ : ശ്രുതി, പൂജ.