കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം,വള്ളിക്കോട് പഞ്ചായത്തുകളിൽ വിവിധ കുടിവെള്ള പദ്ധതികൾ പുന:രുദ്ധരിക്കുന്നതിന്റെ ഭാഗമായി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് 10.51 കോടി രൂപ അനുവദിച്ചതായി കെ.യു. ജെനീഷ് കുമാർ എം.എൽ.എ അറിയിച്ചു. അരുവാപ്പുലം പഞ്ചായത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അരുവാപ്പുലം ഊട്ടുപാറ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് 2.85 കോടി രൂപയാണ് അനുവദിച്ചത്.ഊട്ടുപാറ പുളിഞ്ചാണി കുടിവെള്ള പദ്ധതിക്ക് 1.56 കോടി രൂപയും അനുവദിച്ചു.വള്ളിക്കോട് പഞ്ചായത്തിൽ വള്ളിക്കോട്‌കൊടുമൺ കുടിവെള്ള പദ്ധതിയ്ക്ക് 6.1 കോടി രൂപയും അനുവദിച്ചു. എ.സി.പൈപ്പുകൾ മാറ്റി പുതിയതായി ഗുണനിലവാരം കൂടിയ ഡക്ടയിൽ അയൺ (ഡി.ഐ) പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് തുക അനുവദിച്ചത്. പദ്ധതികളുടെ ടെൻണ്ടർ നടപടി നടത്തുന്നതിനാവശ്യമായ ഇടപെടിൽ ഉടൻ നടത്തും. പുതിയ പദ്ധതിയായ മെഡിക്കൽ കോളേജ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും എം.എൽ.എ. അറിയിച്ചു.