ഇലന്തൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ കോഴഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡ് കോംപ്ലക്‌സിൽ അത്യാധുനിക സൗകര്യത്തോടുകൂടിയ ശുചിമുറി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് ജെറി മാത്യു സാം അറിയിച്ചു.നിലവിൽ ഉപയോഗ ശൂന്യമായും, പ്രവർത്തന രഹിതമായും കിടന്ന ശുചിമുറി മുഴുവൻ പുനരുദ്ധാരണ പ്രവർത്തികൾ ചെയ്ത് പണം നൽകി ഉപയോഗിക്കുന്ന വൃത്തിയും,സൗകര്യവുമുള്ള ശുചിമുറിയാണ് ഒരുക്കുന്നത്. 2019-20 വർഷത്തെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 ലക്ഷം രൂപ ചെലവിലാണ് പുതിയ ശുചിമുറി നിർമ്മിക്കുന്നത്. നിലവിൽ ബസ് സ്റ്റാൻഡിലെയും,പാലത്തിന് താഴെയുമുള്ള ശുചിമുറി ഉപയോഗശൂന്യമായികിടക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് കോഴഞ്ചേരി പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്നത്.സ്ത്രീകൾക്കും, പുരുഷൻമാർക്കും പ്രത്യേകമായി വേർതിരിച്ച മുറിയിൽ മെയിൽ റോഡിൽ നിന്നും,ബസ് സ്റ്റാൻഡിൽ നിന്നും കയറാൻ സാധിക്കുന്ന വിധത്തിലാണ് ഇത് നിർമ്മിക്കുന്നത്. പഞ്ചായത്തിന്റെ ചുമതലയിൽ മോണിട്ടറിംഗ് നടത്തി 24 മണിക്കൂറും ക്ലീനിംഗ് സൗകര്യം ലേലം ചെയ്തുകൊടുക്കുന്ന കരാറുകാരൻ മുഖേന പഞ്ചായത്തിന്റെ ചുമതലയിൽ നടപ്പാക്കും.ജല ലഭ്യതകുറവ് പരിഹരിക്കാൻ 2000 ലിറ്ററിന്റെ 2 ടാങ്കുകൾ പുതിയതായി സ്ഥാപിക്കും. സെൻസേഷണൽ സൗകര്യമുള്ള പ്ലംമ്പിംഗ് സംവിധാനം,പുതിയ ടൈൽ വർക്കുകൾ, പുതിയ ക്ലോസറ്റ് എന്നിവയോടെയാണ് ശുചിമുറി ഒരുക്കുന്നത്.ടോയ്ലറ്റ് കോംപ്ലക്‌സിന് സമീപം പൂച്ചെടികൾ നട്ട ചെടിച്ചട്ടികൾ ഉപയോഗിച്ചുള്ള പൂന്തോട്ടവും കരാറുകാരന്റെ ചുമതലയിൽ ഒരുക്കും. കോഴഞ്ചേരി പഞ്ചായത്ത് സെക്രട്ടറി മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് തുക കൈമാറിയതായും 45 ദിവസം കൊണ്ട് പണി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുവാനും സാധിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.