അടൂർ: നഗരസഭയിൽ പട്ടികജാതി വികസന വകുപ്പിൽ നിന്ന് 12-ാം വാർഡിലെ രണ്ട് ഗുണഭോക്താക്കൾക്ക് അനുവദിച്ച വീടുകളുടെ നിർമ്മാണം നടത്താതെ പണം തട്ടിയെടുത്തതായുള്ള പരാതി സംബന്ധിച്ച് ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസർ അന്വേഷണം നടത്തും.നിർമ്മാണത്തിലിരിക്കുന്ന മറ്റു രണ്ടു വീടുകൾ കാട്ടി എട്ടു ലക്ഷം രൂപ കൈപ്പറ്റിയതായാണ് പരാതി.അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറി ആർ.കെ.ദീപേഷിനെ ഉപരോധിച്ചിരുന്നു. നഗരസഭയിലെ 11-ാം വാർഡിലെ സി.പി.എം കൗൺസിലറുടെ മകൻ എസ്.സി പ്രമോട്ടറായിരുന്ന സമയത്താണ് കൗൺസിലറുടെ പിതാവ്, സഹോദരൻ എന്നിവരുടെ പേരിൽ പട്ടികജാതി വികസന വകുപ്പിൽ നിന്നും 201-18 സാമ്പത്തിക വർഷത്തിൽ വീടുകൾ അനുവദിച്ചത്.ഈ വീടുകൾ നിർമ്മിക്കാതെ നിർമ്മാണത്തിലിരുന്ന മറ്റ് രണ്ട് വീടുകളുടെ നാല് ഘട്ടങ്ങളിലായുള്ള നിർമ്മാണം ചൂണ്ടിക്കാട്ടി പണം തട്ടുകയായിരുന്നെന്ന് കാട്ടി യു.ഡി.എഫ് കൗൺസലർമാരും പ്രവർത്തകരും നഗരസഭ സെക്രട്ടിക്കും നഗരസഭ അദ്ധ്യക്ഷയ്ക്കും പരാതി നൽകിയിരുന്നു. പ്രമോട്ടർ തന്നെയാണ് പട്ടികജാതി വികസന ഓഫീസിൽ നിന്നും പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് വീടുകൾ കാട്ടികൊടുത്തതെന്നും പരാതിയിൽ ചൂണ്ടി കാട്ടിയിരുന്നു.കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ജില്ലാ പട്ടികജാതി വികസന ഓഫീസർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് റിപ്പോർട്ട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസർക്ക് നൽകിയ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറി.കള്ളം വെളിച്ചത്തായതോടെ മാർച്ച് 31ന് മുൻപ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാമെന്ന കരാർ ഉണ്ടാക്കി തട്ടിപ്പ് ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലും യു.ഡി.എഫ് അംഗങ്ങൾ ഇത് സംബന്ധിച്ച വിഷയം ഉന്നയിച്ചതിനെ തുടർന്ന് ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എസ്.സി പ്രമോട്ടർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസറോട് ശുപാർശ ചെയ്യാനും കൗൺസിൽ യോഗത്തിലും തീരുമാനമെടുത്തു.ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കാട്ടി കോൺഗ്രസ് പ്രവർത്തകർ ശനിയാഴ്ച്ച നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ വേണ്ടതു ചെയ്യാമെന്ന് ഉറപ്പും നൽകി.കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട്, ഉമ്മൻ തോമസ്,ബാബു ദിവാകരൻ,നിസാർ കാവിളയിൽ,നന്ദു ഹരി എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.