പത്തനംതിട്ട: വന്യജീവിശല്യം തടയുന്നതിനുള്ള പഞ്ചായത്ത്തല ജാഗ്രതാസമിതികൾ ജനുവരി 15ന് അകം രൂപീകരിക്കണമെന്ന് രാജു ഏബ്രഹാം എം.എൽ.എ നിർദേശിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ വാടക കുടിശിക എത്രയും വേഗം അനുവദിക്കണമെന്ന് തദ്ദേശഭരണവകുപ്പിനോട് അഭ്യർത്ഥിക്കണമെന്ന് എം.എൽ.എമാരായ രാജു ഏബ്രഹാമും മാത്യു.ടി തോമസും നിർദ്ദേശിച്ചു. നിലവിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്നത് സ്ഥലപരിമിതിയിലാണെന്നും മതിയായ സ്ഥലസൗകര്യം ഉള്ള കെട്ടിടം അനുവദിച്ചു നൽകണമെന്നും രാജു ഏബ്രഹാമും പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മോഹൻരാജ് ജേക്കബും നിർദേശിച്ചു. വടശേരിക്കര പഞ്ചായത്തിലെ നരിക്കുഴി, കലശക്കുഴി, അയിരൂർ പഞ്ചായത്തിലെ ഞുങ്ങുതറ എന്നീ അംഗൻവാടികളുടെ നിർമാണവുമായി ബന്ധപ്പെട്ട ഫയൽ നടപടികളില്ലാതെ വൈകിയതു സംബന്ധിച്ച് ജില്ലാ കളക്ടർ അന്വേഷണം നടത്തണമെന്ന് നിർദേശിച്ചു. റാന്നി മണ്ഡലത്തിലെ കരികുളം കോളനി, അത്തിക്കയം വില്ലേജിലെ 46 ഏക്കർ സ്ഥലം, പെരുനാട് വില്ലേജിലെ കോട്ടുപാറ എന്നിവിടങ്ങളിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ നടന്നു വരുകയാണെന്നും 194 പട്ടയങ്ങൾ തയാറായിട്ടുണ്ടെന്നും റാന്നി തഹസീൽദാർ അറിയിച്ചു. മുക്കുഴി നിവാസികൾക്കും പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. മത്തോട് ഭാഗത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് റാന്നി മേജർ കുടിവെള്ള പദ്ധതിയിലെ വെള്ളം കയറി നശിച്ച ട്രാൻസ്ഫോർമറിനു പകരം പുതിയതു നൽകണം. പേഴുംപാറ സ്‌കൂളിന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് അതേ മാനേജ്മെന്റിന്റെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി നൽകണം. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് പഴവങ്ങാടി പഞ്ചായത്തിന് ഫണ്ട് ലഭ്യമാക്കണം. ചാന്ദോലിയിൽ പട്ടികജാതി കോർപ്പസ് ഫണ്ട് ഉപയോഗിച്ച് ലൈബ്രറി കെട്ടിടം നിർമിക്കണം. കൊല്ലമുള യു.പി സ്‌കൂളിന്റെ കുത്തകപ്പാട്ടം പുതുക്കണം. ശ്രീനാരായണ കൺവൻഷൻ നടക്കുന്ന മാടമൺ കടവ് തകർന്നു കിടക്കുന്നത് പുനർനിർമിക്കണം. എം.എൽ.എമാരുടെ ആസ്ഥി വികസന നിധിയിലെ പദ്ധതികൾക്ക് ഭരണാനുമതി പൂർണമായി ലഭ്യമാക്കണം. റാന്നി താലൂക്ക് ആശുപത്രി വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകണം. ചാലാപ്പള്ളി സബ് സ്റ്റേഷനുള്ള നടപടി വേഗമാക്കണമെന്നും എന്നീ ആവശ്യങ്ങളും രാജു ഏബ്രഹാം ഉന്നയിച്ചു. ജില്ലയിലെ പട്ടികവർഗ ഊരുകളിൽ പോഷകാഹാരങ്ങൾ ലഭ്യമാക്കുന്നതും സാംക്രമിക രോഗങ്ങൾ തടയുന്നതും സംബന്ധിച്ച് പ്രത്യേക യോഗം വിളിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവർമ്മ ആവശ്യപ്പെട്ടു.

പമ്പാ ത്രിവേണിയിൽ സംരക്ഷണ ഭിത്തി പൂർത്തിയാക്കണം

പമ്പാ ത്രിവേണിയിൽ മണൽ ചാക്കുകൾക്കു പകരം സംരക്ഷണ ഭിത്തി നിർമിക്കുന്ന പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണം. പദ്ധതിക്കായി 3.86 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ജനുവരി 22ന് ശേഷം നിർമാണം പുനരാരംഭിക്കുമെന്നും ഇറിഗേഷൻ വകുപ്പ് അറിയിച്ചു. റോഡ് നിർമാണത്തെ തുടർന്ന് കുടിവെള്ളം മുടങ്ങിയിട്ടുള്ള വെച്ചൂച്ചിറയിൽ ജലം ലഭ്യമാക്കുന്നതിന് നടപടി വേണം.

മകരവിളക്ക് ഉത്സവം: നിലയ്ക്കൽ പമ്പാ സർവീസ് കാര്യക്ഷമമാക്കണം

മകരവിളക്ക് ഉത്സവ കാലത്ത് നിലയ്ക്കൽപമ്പ ചെയിൻ സർവീസ് കെ.എസ്.ആർ.ടി.സി കാര്യക്ഷമമായി നടത്തണം. ഹൈക്കോടതി ഉത്തരവു പ്രകാരം ചെറിയ വാഹനങ്ങൾ പമ്പ വരെ കടത്തി വിടണം. ഗതാഗത സൗകര്യം, തിരക്ക് നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസിന്റെയും കെഎസ്ആർടിസിയുടെയും ഏകോപനം വേണം. എംപിയുടെ വികസന നിധിയുമായി ബന്ധപ്പെട്ട പദ്ധതി പ്രവർത്തനങ്ങൾ വേഗമാക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. വന്യജീവിശല്യം തടയുന്നതിനുള്ള ജാഗ്രതാ സമിതികളുടെ രൂപീകരണം എത്രയും വേഗം നടത്തണമെന്നും റാന്നി മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മോഹൻരാജ് ജേക്കബ് പറഞ്ഞു.ജില്ലാ വികസന സമിതി യോഗം