തിരുവല്ല: ജനുവരി 8 ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം അദ്ധ്യാപകരുടെയും സംസ്ഥാന സർക്കാർ ജീവനക്കാരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തിൽ ഓതറ ആൽത്തറ ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളി വർഗം ഒറ്റക്കെട്ടായി നടത്തുന്ന ദേശീയ പണിമുടക്കിൽ സർവീസ് മേഖലയിലെ പ്രശ്‌നങ്ങൾ കൂടി ഉന്നയിച്ചാണ് ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കുന്നത്.എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.സാമുവൽ ധർണ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് സി.ടി.വിജയാനന്ദൻ,എൻ.ജി.ഒ.യൂണിയൻ ഏരിയ സെക്രട്ടറി പി.ജി.ശ്രീരാജ്, എ.സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.