പത്തനംതിട്ട: ജില്ലാ കഥകളി ക്ലബിന്റെ നേതൃത്വത്തിൽ ജനുവരി 6 മുതൽ 15 വരെ അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് കഥകളി മേള നടക്കും. 6 ന് രാവിലെ 10.30 ന് രജത ജൂബിലി ആഘോഷങ്ങൾ കളക്ടർ പി. ബി. നൂഹും കഥകളി മേള പത്മശ്രീ. ഡോ. കലാമണ്ഡലം ഗോപിയാശാനും ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് വി. എൻ. ഉണ്ണി അദ്ധ്യക്ഷത വഹിക്കും. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ തപാൽ വകുപ്പ് പുറപ്പെടുവിക്കുന്ന സ്‌പെഷ്യൽ കവറിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം കേരളസർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശാരദാ സമ്പത്ത് നിർവഹിക്കും. വൈകിട്ട് 6 ന് കെ. എൽ. കൃഷ്ണമ്മ ആട്ടവിളക്ക് തെളിക്കും.
6 ന് വൈകിട്ട് 6.30 മുതൽ നളചരിതം ഒന്നാം ദിവസം കഥകളി.
7 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി, 8 ന് രാവിലെ 10.30 ന് അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. തോമസുകുട്ടി എന്നിവർ കഥകളി ആസ്വാദന കളരി ഉദ്ഘാടനം ചെയ്യും.
9 ന് രാവിലെ 9 ന് ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ ദ്വിദിന അന്താരാഷ്ട്ര കഥകളി സെമിനാർ പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും.
10 ന് രാവിലെ 9 ന് ഡി. ശശികുമാർ, ഡോ. അജയൻ പനയറ, ഡോ. എൻ. അജിത് കുമാർ, സജനീവ് ഇത്തിത്താനം എന്നിവർ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കും. 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ. എസ്. എഫ്. ഇ. ചെയർമാൻ പീലിപ്പോസ് തോമസ് സർട്ടിഫിക്കറ്റ് വിതരണം നടത്തും. ഡോ. ജോസ് പാറക്കടവിൽ അദ്ധ്യക്ഷത വഹിക്കും. 11 ന് രാവിലെ 10 ന് കലാമത്സരങ്ങൾ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.
12 ന് രാവിലെ 10 ന് കലാമണ്ഡലം ഹൈദർ അലി സ്മാരക അഖില കേരള കഥകളി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടക്കും. 13 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരും 14 ന് രാവിലെ 10.30 ന് ചലച്ചിത്ര നടൻ ബാബു നമ്പൂതിരിയും 15 ന് രാവിലെ 10.30 ന് ഡി.ടി.പി.സി സെക്രട്ടറി ആർ. ശ്രീരാജും കഥകളി ആസ്വാദന കളരി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5.30 ന് സമാപന സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. അയിരൂർ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി. എസ്. നായർ അദ്ധ്യക്ഷത വഹിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വി. എൻ. ഉണ്ണി, മീഡിയ കൺവീനർ ദിലീപ് കുമാർ, സെക്രട്ടറി വി. ആർ. വിമൽരാജ് ,ജനറൽ കൺവീനർ പ്രസാദ് കൈലാത്ത് , ട്രഷറർ സഖറിയ മാത്യു, വർക്കിംഗ് പ്രസിഡന്റ് ടി. ആർ. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.