പത്തനംതിട്ട : പുതുവത്സരാഘോഷം പൊതു റോഡിൽ വേണ്ട. ആഘോഷം അതിരുവിട്ടാൽ പിടിവീഴുകയും ചെയ്യും. പുതുവത്സരാഘോഷം കണക്കിലെടുത്ത് റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹനവകുപ്പ് കർശന പരിശോധനകൾ തുടങ്ങി. ഇന്ന് പരിശോധന കർശനമാക്കും. ജില്ലയിലെ ദേശീയപാതകളിലും പ്രധാനകേന്ദ്രങ്ങളിലും പ്രത്യേക പരിശോധനകൾ നടത്തും. മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത, മൂന്നുപേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, വാഹനങ്ങളിൽനിന്ന് അമിത ശബ്ദം പുറപ്പെടുവിപ്പിക്കുക, വാഹനങ്ങളുടെ രൂപമാറ്റം നടത്തുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തും. ഇതൊടൊപ്പം ലൈസൻസും വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിന് നടപടികളെടുക്കമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.ആർ. രമണൻ അറിയിച്ചു. പുതുവത്സരാഘോഷം റോഡിൽ അതിരുവിടാതിരിക്കാൻ സേഫ് കേരള സ്‌ക്വാഡ് കൾക്ക് പുറമെ എല്ലാ ഓഫീസ് സ്‌ക്വാഡ്കളും രാത്രി കാല പരിശോധനയിൽ പങ്കെടുക്കും. ഡ്രൈവിംഗ് ലൈസൻസില്ലാത്ത കുട്ടികൾ വാഹനങ്ങൾ ഓടിക്കുന്നത് തടയാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ആർ.ടി.ഒ. അറിയിച്ചു.