encroch
മധുരംപുഴ ആറിൽ യത്ര സഹായത്തോടെ കൈയേറ്റം നടക്കുന്നു

തിരുവല്ല: പഴയകാല പ്രതാപത്തിലേയ്ക്ക് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ മധുരംപുഴ ആറിൽ കൈയേറ്റങ്ങളും തകൃതിയായി. കുറ്റൂർ പഞ്ചായത്തും ഹരിതകേരള മിഷനും സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളും സംയുക്തമായി ജനകീയപങ്കാളിത്വത്തോടെ നടപ്പാക്കുന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിൽ ഉൾപ്പെടുത്തി മധുരംപുഴയിൽ ഒരാഴ്ച മുമ്പ് പുനരുജ്‌ജീവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തികൾ പുരോഗമിക്കുന്നതിനിടെയാണ് വിറളിപൂണ്ട ചിലർ ആറിന്റെ കുറെ ഭാഗങ്ങൾ കൈയേറാനുള്ള നീക്കങ്ങൾ തുടങ്ങിയത്. ആറിന്റെ കുറുകെയും നെടുകയും മുളകളും മറ്റും സ്ഥാപിച്ച് യന്ത്രസഹായത്തോടെ മണ്ണെടുത്ത് കൈയേറുകയാണ്. സമീപവാസികളായ ചിലർ ഹിറ്റാച്ചി ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ അവധി ദിവസങ്ങളുടെ മറവിൽ കൈയേറ്റം നടത്തുകയാണ്. സംഘാടക സമിതിയുടെ ശ്രദ്ധയിൽപ്പെട്ടത്തോടെ മധുരംപുഴയാർ പുനരുജ്ജീവന സമിതി അടിയന്തരയോഗം ചേർന്ന് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതുകാരണം കൈയേറ്റക്കാർ കൂടുതൽ സ്ഥലങ്ങളിൽ കൈയേറ്റം നടത്തിയതായി സമിതി അംഗങ്ങൾ ആരോപിച്ചു. മണിമലയാറിന്റെയും വരട്ടാറിന്റെയും മദ്ധ്യേ മണിമലയാറിന്റെ കൈവഴിയായ ഒഴുകുന്ന മധുരംപുഴയാർ ഏറെക്കാലമായി നീരൊഴുക്ക് നിലച്ച് മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്.

കൈയേറ്റകാർക്കെതിരെ നടപടി സ്വീകരിക്കണം: സംഘാടക സമിതി

മധുരംപുഴയാർ പുനരുജ്ജീവിപ്പിക്കുന്നതിനിടെ കൈയേറ്റം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് സംഘാടക സമിതിയോഗം ആവശ്യപ്പെട്ടു.കൈയേറ്റങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സംഘാടകസമിതി ചെയർമാൻ അഡ്വ.വി.ആർ.സുരേഷ് വെൺപാല അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, കൺവീനർ വി.ആർ.രാജേഷ്, കെ.ജി. അനിൽകുമാർ,അജികുമാർ,പ്രസന്നകുമാർ ടി.കെ, മനോജ്, സോമനാഥൻ കെ.എസ്, ഡൊമിനിക് തയ്യിൽ, എ.കെ. വിജയൻ, അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.