തിരുവല്ല: നഗരത്തിലെ തുകലശേരി ബധിര വിദ്യാലയത്തിലെ കുട്ടികൾക്കും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ 38 പേർക്ക് മഞ്ഞപ്പിത്തം . പത്തോളം പേർ ആശുപത്രികളിൽ ചികിത്സതേടി. രോഗം പടരുന്ന സാഹചര്യത്തിൽ സ്‌കൂളിന് ഒരാഴ്ച അവധി നൽകി. കഴിഞ്ഞ മാസം സ്‌കൂളിൽ നിന്ന് ഒറ്റപ്പാലത്ത് ബധിര കലോത്സവത്തിനും കൊല്ലത്ത് കായികമേളയ്ക്കും കോഴിക്കോട് ദേശീയ കായികമേളയ്ക്കും പോയ കുട്ടികളിലാണ് ഒരാഴ്ചമുമ്പ് രോഗം കണ്ടെത്തിയത്. ഇവരിൽ നിന്നാണ് രോഗം വ്യാപകമായി പടർന്നതെന്ന് സംശയിക്കുന്നു. വെള്ളത്തിലൂടെ പകരുന്ന ഹെപ്പടൈറ്റിസ് എ ആണ് കുട്ടികളിൽ കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെതുടർന്ന് സ്‌കൂളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അപ്പോഴേക്കും കൂടുതൽ കുട്ടികളിൽ രോഗം പടർന്നിരുന്നു. ക്രിസ്മസ് അവധിക്ക് സ്‌കൂൾ അടച്ചതോടെ കൂടുതൽ കുട്ടികൾക്കും വീടുകളിലെത്തിയപ്പോഴാണ് രോഗം പിടിപെട്ടത് മനസിലായത്. ഇതേതുടർന്ന് ഇവരെ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. നഗരസഭാ ആരോഗ്യ വിഭാഗവും താലൂക്ക് ആശുപത്രി അധികൃതരും സ്‌കൂളിലെ കുടിവെള്ളം പരിശോധിച്ചെങ്കിലും മാലിന്യം കണ്ടെത്താനായില്ല.