തിരുവല്ല: തുകലശേരി സി.എസ്.ഐ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പിടിപെട്ട ഹെപ്പറ്റൈറ്റിസ് എ രോഗത്തിനെതിരേ ഊർജിത പ്രതിരോധ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു. ഒക്ടോബറിൽ ഒറ്റപ്പാലത്തും കുന്നംകുളത്തും നടന്ന സ്‌കൂൾ മീറ്റിൽ പങ്കെടുക്കാൻ പോയിമടങ്ങി എത്തിയ വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്.ഇവർ ഹോസ്റ്റലിൽ വന്നശേഷം രണ്ട് കുട്ടികൾക്കുകൂടി അസുഖം പടർന്നിരുന്നു. രോഗം പിടിപെട്ട 38വിദ്യാർഥികളിൽ 11പേർ പത്തനംതിട്ട ജില്ലക്കാരാണ്. രോഗം ബാധിച്ചവരിൽ 10പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.ഇതിൽ പത്തനംതിട്ടക്കാർ ആരുമില്ല. വിദ്യാർത്ഥികൾക്കു പുറമേ ഒരു മേട്രനും അസുഖം പിടിപെട്ടിട്ടുണ്ട്. സ്‌കൂളിലെത്തിയ അദ്ധ്യാപകർക്ക് ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ രോഗം പടർന്നുപിടിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സംബന്ധിച്ച് ബോധവത്കരണം നൽകി. ഇനി സ്‌കൂൾ തുറക്കുന്ന ദിവസം വിദ്യാർത്ഥികൾക്കും ആരോഗ്യബോധവത്കരണം നൽകും. സ്‌കൂളിലെയും ഹോസ്റ്റലിലെയും കുടിവെള്ള സ്രോതസുകളുടെ സാമ്പിളുകൾ ശേഖരിച്ച് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചതിൽ നിന്നും കോളിഫോം കൗണ്ട് സാധാരണ നിലയിലാണെന്ന് കണ്ടെത്തി. ഇതിനാൽ ഇവിടുത്തെ കുടിവെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നാണ് വിലയിരുത്തൽ. സ്‌കൂളിൽ ആകെ 250ഉം ഹോസ്റ്റലിൽ 148 വിദ്യാർഥികളുമാണ് ഉള്ളത്. ഡെപ്യുട്ടി ഡി.എം.ഒ ഡോ.സി.എസ്. നന്ദിനി, എപ്പിഡമോളജിസ്റ്റ് പ്രിൻസ് അലക്‌സാണ്ടർ, താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ സന്ദർശിച്ച് പരിശോധന നടത്തിയത്.