അടൂർ: വിദ്യാർത്ഥികൾക്കിടയിൽ ലഹരി വാസന വളർത്തിയെടുക്കുന്ന മാഫിയാ സംഘങ്ങൾക്കെതിരേ തികഞ്ഞ ജാഗ്രത സമൂഹത്തിൽ ഉണ്ടാകണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ. എ പറഞ്ഞു. അടൂർ എസ്. എൻ ഐ.ടി യും കേരളകൗമുദിയും സംയുക്തമായി പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച "ബോധപൗർണ്ണമി'' ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. വിദ്യാർത്ഥികൾക്ക് വേണ്ടത് പഠിക്കുന്നതിനായുള്ള ലഹരിയാണ്. മറ്റ് ലഹരികൾക്ക് അടിമകളാക്കി പണ സമ്പാദനം നടത്തുന്ന ഗൂഢശക്തികൾ സമൂഹത്തിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരായ ജാഗ്രത സമൂഹത്തിനൊപ്പം മാധ്യമങ്ങൾക്കുമുണ്ട്. ഇക്കാര്യത്തിൽ കേരളകൗമുദി കാട്ടുന്ന താൽപ്പര്യം പ്രശംസനീയമാണ്. വിദ്യാർത്ഥികൾക്കിടയിൽ തികഞ്ഞ അവബോധം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ കെ.സുധ അദ്ധ്യക്ഷയായിരുന്നു. എക്സൈസ് പ്രിവന്റീവ് ഒാഫീസർ എം.കെ.ശ്രീകുമാർ ക്ളാസെടുത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ ആമുഖ പ്രസംഗവും എസ്.എൻ.ഐ.ടി ടി.ബി.ഐ ചെയർമാൻ പ്രൊഫ.എൻ.രാധാകൃഷ്ണൻ നായർ മുഖ്യ പ്രഭാഷണവും നടത്തി. എസ്.എൻ.ഐ.ടി അക്കാദമിക് ചെയർമാൻ ഡോ.കേശവ് മോഹൻ, അസി.പ്രൊഫസർമാരായ ആനന്ദ് വി.ജെ, ശ്രീലക്ഷ്മി നായർ, എൻ.എസ്.എസ്.പ്രോഗ്രാം കോർഡിനേറ്റർ ആർ.അനിൽകുമാർ, സ്റ്റു‌ഡന്റ് ലീഡർ അഞ്ജന എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഐ.ടി തയ്യാറാക്കിയ ലഹരിവുരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി.