അടൂർ :നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിലിടിച്ച് കാർ യാത്രക്കാരനായ കൊടുമൺ അങ്ങാടിക്കൽ ഒറ്റത്തേക്ക് കൊച്ചുകല്ലിൽ വീട്ടിൽ .ബി.തോമസ്.(48) മരിച്ചു. പത്തനംതിട്ടയിലെ ഇൻഡസ് ഇൻഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യയും മകനുമടക്കം 5 പേർക്ക് പരിക്കേറ്റു.ഏഴംകുളം - ഏനാത്ത് മിനി ഹൈവേയിൽ തട്ടാരുപടി മണ്ടച്ചൻ പാറയ്ക്കടുത്ത് ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അപകടം. ഭാര്യ പ്രീതി തോമസ് (42) മകൻ ടിബിൻ കെ തോമസ്(16) , ഭാര്യാ പിതാവ് വകയാർ താന്നിവിള പടിഞ്ഞാറ്റേതിൽ സാമുവേൽ ടി.എം , (67) , ടിപ്പർ ലോറി ഡ്രൈവർ കൊല്ലം നെടുമന സ്വദേശി ശ്രീക്കുട്ടൻ (28), ക്ലീനർ കൊല്ലം നെടുമന സെമിയ മൻസിൽ നവാസ് (30) എന്നിവരെ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് മരണം നടന്ന ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കാർ യാത്രക്കാർ. അപകടത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന തോമസിനെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപ്പോഴേക്കു മരിച്ചിരുന്നു.കയറ്റം കയറി വന്ന കാറിൽ ഇറക്കം ഇറങ്ങി വന്ന ടിപ്പർ ലോറി വന്നിടിക്കുകയായിരുന്നു. കാർ ഇടിച്ചുതകർത്ത ശേഷം സമീപത്തുള്ള വീടിന്റെ മതിലും തകർത്താണ്. ലോറി നിന്നത്. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.കോൺഗ്രസ് വാർഡ് പ്രസിഡന്റാണ് തോമസ്.