കോന്നി: പ്ലാസ്റ്റിക്കിനെതിരെ കോന്നി പഞ്ചായത്ത് വാർഡുകൾ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മയിലൂടെ ബോധവൽക്കരണ പരിപാടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി വാർഡ് 14 സമ്പൂർണ പ്ലാസ്റ്റിക് രഹിത ഗ്രാമമായി പ്രഖ്യാപിച്ചു.കുടുംബശ്രീ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങൾ,ടാഗോർമെമ്മോറിയൽ ഗ്രാമീണ ക്ലബ്, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് രഹിത പ്രവർത്തനങ്ങൾ നടത്തുന്നത്.വാർഡിലെ എല്ലാ കുടുംബങ്ങൾക്കുമായി വീട്ടിൽ ഒരു തുണി സഞ്ചി പദ്ധതിയ്ക്കും തുടക്കം കുറിച്ചു.എസ്.എ.എസ്.എസ്.എൻ.ഡി.പി.യോഗം കോളേജിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങളും വലിച്ചെറിയൽ മുക്ത ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 14ൽ തുണി സഞ്ചി വിതരണം നടത്തിയിരുന്നു.പ്ലാസ്റ്റിക് രഹിത ഗ്രാമം പദ്ധതി പ്രകാരം പഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തകർ എല്ലാ വീടുകളിലും എത്തി യൂസർ ഫീസ് ഈടാക്കി നിലവിലുള്ള പ്ലാസ്റ്റിക്കുകൾ ശേഖരിക്കും.പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് കാട്ടി ആരോഗ്യ വകുപ്പുമായി സഹകരിച്ച് വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഘുലേഖകൾ വീടുകൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുകയും വാർഡിലെ വിവിധ പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് എം.രജനി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്ലാസ്റ്റിക് രഹിത ഗ്രാമ പ്രഖ്യാപനം നടത്തി. വീട്ടിൽ ഒരുതുണി സഞ്ചിപദ്ധതി സീരിയൽ താരം സംഗീത രാജേന്ദ്രൻ കുടുംബശ്രീ എ.ഡി.എസ് അംഗം വത്സലാ ആനന്ദന് നൽകി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ,ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി ഏബ്രഹാം,പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനിസാബു, അസിസ്റ്റന്റ് സെക്രട്ടറി എൻ.ശിവദാസ്,രവീന്ദ്രനാഥ് നീരേറ്റ്, ഹരികുമാർ കല്ലുവിളയിൽ, ബിന്ദു പ്രശാന്ത്,ഷംന ഷെബി, ജിതിൻ കൃഷ്ണ, ജിഷ്ണു പ്രശാന്ത്, ഡൈന വിക്ര എന്നിവർ പ്രസംഗിച്ചു.