1-
1 ,പൂതംകരയിലെ വാവര് പള്ളി 2 ,പൂതംകര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

ഇളമണ്ണൂർ: മത സാഹോദര്യത്തിന്റെ സന്ദേശവുമായി പൂതങ്കര ശ്രീധർമ്മശാസ്താ ക്ഷേത്രം. ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ ഇൗ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. . ധനു മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് പൂതംകര പേട്ടതുള്ളൽ. ജനുവരി 4 വൈകിട്ട് 3.30 നാണ് ഇത്തവണത്തെ പേട്ടതുള്ളൽ .എരുമേലി കഴിഞ്ഞാൽ പേട്ടതുള്ളലിന് പ്രസിദ്ധമാണ് ഇൗ ക്ഷേത്രം.

മഹിഷി നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായ മണികണ്ഠനെ പടയാളികൾ എതിരേറ്റ് കൊണ്ടുപോകുന്നതിനെ അനുസ്മരിച്ചാണ് പേട്ടതുള്ളൽ നടക്കുന്നത്.

പൂതംകര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എഴുപത് വർഷം മുമ്പാണ് പേട്ടതുളളൽ ആരംഭിച്ചത്. മുഖത്തും ശരീരത്തും ചുട്ടികുത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ "സ്വാമി തിന്തകതോം അയ്യപ്പ തിന്തകതോം " എന്ന വാദ്യമേളത്തിന് അനുസരിച്ച് തുള്ളിയുറഞ്ഞ് പൂതങ്കര വാവര് പള്ളിയിൽ നിന്നാണ് ആരംഭിക്കുന്നത്.

പണ്ട് നിബിഡ വനമായിരുന്നു ഇവിടെ. ശബരിമല പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന സമയം പൂതംകര കോട്ടപ്പാറ മലയിൽ ദീപക്കാഴ്ച നടക്കും. കണ്ണകോട് മല, മയിലാടുംപാറ , തുടങ്ങി 7 മലകളുടെ അധിപനായാണ് ധർമ്മശാസ്താവ് നിലകൊള്ളുന്നത്.

--------------------

ഐതിഹ്യപ്പെരുമയിൽ ക്ഷേത്രം

രണ്ട് ഐതിഹ്യങ്ങളാണ് ക്ഷേത്രത്തെപ്പറ്റിയുള്ളത്. ഈ പ്രദേശത്ത് പുല്ലറക്കാൻ വന്ന ദളിത് സ്ത്രീ ആയുധം മൂർച്ചവരുത്തിയ ശിലയിൽ നിന്ന് രക്തം പൊടിഞ്ഞതായും പ്രശ്നവശാൽ ദേവസാന്നിദ്ധ്യം അനുഭവപ്പെട്ട് ക്ഷേത്രം ഉണ്ടാക്കിയതായുമാണ് ഒരു വിശ്വാസം. മറ്റൊന്നിങ്ങനെ- ഒരു ബ്രാഹ്മണൻ യാത്രാമദ്ധ്യേ വിശ്രമിക്കാനായി ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നു. വിശ്രമത്തിന് ശേഷം യാത്ര തുടരാൻ തയ്യാറായപ്പോൾ താഴെ വച്ച ഗ്രന്ഥക്കെട്ട് ബ്രാഹ്മണന് എടുക്കാൻ കഴിഞ്ഞില്ല. ദുഖിതനായ ബ്രാഹ്മണൻ കരപ്രമാണിയായ ചേന്നായത്ത് കാരണവരെ വിവരം ധരിപ്പിച്ചു.. തുടർന്ന് ചേന്നായത്ത് വീട്ടുകാർ മുൻകൈയെടുത്ത് ഇവിടെ ക്ഷേത്രം നിർമ്മിച്ചു. 1980 ൽ ക്ഷേത്രം കരക്കാർക്ക് വിട്ടുകൊടുത്തു. പ്രശ്നവിധി പ്രകാരം ബിംബത്തിന് മേൽക്കൂര ആവശ്യമില്ലെന്ന് തെളിഞ്ഞതിനാൽ ശ്രീ കോവിലിന് മേൽക്കൂര നിർമ്മിച്ചില്ല. ശിലയിൽ നിന്ന് രക്തം വന്നത് ഭൂജത്തിന്റെ ഭാഗത്ത് നിന്നായതിനാൽ ആദ്യം ഭുജംകരയായും പിന്നീട് ഭുതം കരയായും ഇപ്പോൾ ലോപിച്ചു പൂതം കരയായും മാറിയതാണെന്ന് പഴമക്കാർ പറയുന്നു.