പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രി മുതൽ പ്ളാസ്റ്റിക് നിരോധനം നിലവിൽ വന്നെങ്കിലും പകരം സംവിധാനമായ തുണി സഞ്ചികളും പേപ്പർ കാരിബാഗുകളും കടകളിൽ ലഭ്യമായിട്ടില്ല. ജില്ലയിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വ്യാപാരികൾ പറയുന്നു. നിരോധനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുളള തുണി, ചണം, പേപ്പർ ബാഗുകൾ ഉപയോഗിക്കാനാണ് സർക്കാർ നൽകിയിട്ടുളള നിർദ്ദേശം. എന്നാൽ, ജില്ലയിൽ തുണി, പേപ്പർ ബാഗിനായി സമീപിച്ചിട്ടുളള ഏക പഞ്ചായത്ത് കുളനട മാത്രമാണെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. ഒന്നര മാസം മുമ്പ് കുളനടയിൽ പ്ളാസ്റ്റിക് നിരോധന നടപടികൾ തുടങ്ങിയിരുന്നു.
തുണി, പേപ്പർ ബാഗുകൾ എത്ര വേണ്ടിവരുമെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ അറിയിച്ചെങ്കിൽ മാത്രമേ കുടുംബശ്രീ യൂണിറ്റുകൾ വഴി നിർമ്മിച്ച് നൽകാൻ കഴിയൂ. അതിന് ഒരു പഞ്ചായത്തിൽ ആകെ എത്ര കടകളുണ്ടെന്ന് കണക്കെടുക്കണം. ഇൗ വിവരം അതാത് പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളെ അറിയിക്കുകയും വേണം. തുണി സഞ്ചി നിർമ്മാണം ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന കാര്യമല്ല. നേരത്തേ ഒാർഡറുകൾ ലഭിച്ചെങ്കിൽ മാത്രമേ വലിയ തോതിൽ ബാഗ് നിർമ്മാണം നടത്താനാകൂമെന്ന് കുടുംബശ്രീ അധികൃതർ പറയുന്നു.
--------------------
കുഴഞ്ഞ് മറിഞ്ഞ് പ്രശ്നം
@ പ്ളാസ്റ്റിക് ഉപയോഗം നിരോധിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുക മാത്രമാണ് ചെയ്തിട്ടുളളത്. പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
@ പ്ളാസ്റ്റിക് ഉപയാേഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഇൗടാക്കുമെന്നും നോട്ടീസ് നൽകിയിട്ടുണ്ട്. പ്ളാസ്റ്റിക് നിരോധിച്ചു കൊണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ ഇന്നലെ മൈക്ക് അനൗൺസ്മെന്റ് നടത്തുകയും ചെയ്തു.
@ പിഴയിട്ടാൽ കട അടച്ചിടുമെന്ന് വ്യാപാരി പ്രതിനിധികൾ പറയുന്നു.
നിലവിൽ പല കടകളിലും പ്ളാസ്റ്റിക്കിൽ പാക്ക് ചെയ്ത സാധാനങ്ങൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. വൻകിട കമ്പനികളുടെ ഉൽപ്പന്നങ്ങളാണ് അധികവും. പ്ളാസ്റ്റിക് നിരോധിക്കുന്നതായി ഇത്തരം കമ്പനികൾക്കാണ് ആദ്യം നോട്ടീസ് കൊടുക്കേണ്ടതെന്നാണ് ചെറുകിട വിൽപ്പനക്കാർ പറയുന്നത്.
>>>
'' വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരു പോലെ പ്രതിസന്ധിയിലാക്കുന്നതാണ് മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന പ്ളാസ്റ്റിക് നിരോധനം. നിലവിൽ പ്ളാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ വൻകിട കമ്പനികളുടെ സാധനങ്ങൾ എന്തു ചെയ്യണമെന്ന് കൂടി വ്യക്തമാക്കണം. പിഴയിട്ട് വ്യാപാരികളെ ദ്രോഹിച്ചാൽ കടകൾ അടച്ചിടും.
പ്രസാദ് ജോൺ മാമ്പ്ര, വ്യാപാരി വ്യവസായി ഏകോപനസമിതി.
>>
'' തുണി സഞ്ചികൾ എത്രവേണമെന്ന് മുൻകൂട്ടി ഒാർഡർ ലഭിച്ചാൽ മാത്രമേ കുടുംബശ്രീ യൂണിറ്റുകളിൽ നിർമ്മിക്കാനാകൂ.
കുടുംബശ്രീ അധികൃതർ.