പത്തനംതിട്ട: ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ തന്നെ വേട്ടയാടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് കുറ്റപ്പെടുത്തി. ഗാന്ധിദർശൻ വേദി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില നേതാക്കൾ പകയോടെ പെരുമാറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ റാന്നിയിലും തിരുവല്ലയിലും ആറന്മുളയിലും തോറ്റതിന്റെ ഉത്തരവാദിത്വം തന്റെ ചുമലിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ചില നേതാക്കൾ നടത്തുന്നത്. കോന്നിയിൽ പാർട്ടി നിറുത്തിയ സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ചതിനാണ് ചിലർ പകയോടെ പെരുമാറുന്നത്. സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു. അത് കൂലി എഴുത്തുകാർ ചേർന്ന് നടത്തുന്നതാണ്. ജില്ലയിലെ മുതിർന്ന നേതാക്കൾ അവസരമില്ലാതെ നിരാശരായിരിക്കുന്ന സാഹചര്യമാണുള്ളത്. ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ ചിലർക്ക് ഒരുമിച്ച് ഒരു കാറിൽ സഞ്ചരിക്കാനോ ഒരുമിച്ച് സംഘടനാ പ്രവർത്തനം നടത്താനോ കഴിയാത്തവണ്ണം മാനസികമായി അടുപ്പമില്ലാതായി. മലപ്പുറം കഴിഞ്ഞാൽ യു.ഡി.എഫിന്റെ ശക്തമായ കോട്ടയായിരുന്ന പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളും നഷ്ടമായെന്നും ബാബുജോർജ് പറഞ്ഞു.

ഗാന്ധിദർശൻ വേദി ജില്ലാ കമ്മറ്റി പ്രസിഡന്റ് രജനീ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. തട്ടയിൽ ഹരികുമാർ, അജിത് അടൂർ ബിനു ചാമക്കാലായിൽ തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിയും മതേതര ദർശനവും എന്ന വിഷയത്തിൽ ഡോ. റോയിസ് മല്ലശേരി, സമകാലിന ഭാരതം എന്ന വിഷയത്തിൽ രാജാറാം ആലപ്പുഴ എന്നിവർ ക്ലാസുകൾ നയിച്ചു.