ചെങ്ങന്നൂർ: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെടുന്ന രണ്ട് കുട്ടിത്തേവാങ്കുകളെ കടത്തിക്കൊണ്ടുവന്ന് വിൽക്കാൻ ശ്രമിച്ച യുവാവിനെ വനപാലകർ പിടികൂടി. ആറൻമുള നിക്കിസ് വില്ലയിൽ രഘുരാമൻ (30) ആണ് ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിക്ക് സമീപത്ത് നിന്ന് പിടിയിലായത്. പ്രതിയെ കീഴ്പ്പെടുത്താനുളള ശ്രമത്തിനിടെ കുട്ടിത്തേവാങ്കിനെ വാങ്ങാനെത്തിയവർ വനപാലകരെ ആക്രമിച്ച് രക്ഷപ്പെട്ടു. പരിക്കേറ്റ വനപാലകനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാൾ സഞ്ചരിച്ച ബുളളറ്റിന്റെ മുൻവശത്ത് ബാഗിലാണ് കുട്ടിത്തേവാങ്കുകളെ സൂക്ഷിച്ചിരുന്നത്. രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘത്തിന് വിൽക്കാനായിരുന്നു ശ്രമം. കുടോത്രം പോലുളള അനാചാരങ്ങൾക്ക് ഉപയോഗിക്കുന്ന കുട്ടിത്തേവാങ്കിന് ലക്ഷങ്ങളാണ് വില. പ്രതിയെ റാന്നി ഡി.എഫ്.ഒയ്ക്ക് കൈമാറി. തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്തെ ഷാജിമോൻ എെ.എഫ്.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഇന്റലിജൻസ് വിഭാഗമാണ് പ്രതിയെ കുടുക്കിയത്. ഇടുക്കി ഭാഗത്തു നിന്നാണ് രഘുരാമൻ കുട്ടിത്തേവാങ്കുകളുമായി എത്തിയതെന്ന് അറിയുന്നു.