തിരുവല്ല: തിരുമൂലപുരം സീമെൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ ഹാട്രിക്കിലൂടെ കോട്ടയം സാന്റോസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പത്തനംതിട്ട ജനനിയെ തോൽപ്പിച്ചു. കേരള യൂണിവേഴ്സിറ്റി താരമായ റോണിയാണ് ഹാട്രിക് നേടിയത്. ലൈബീരിയൻ താരമായ ബിച്ചുപ്പയാണ് ജനനിക്കു വേണ്ടി ഗോൾ നേടിയത്. ഇന്നലെ നടന്ന മൂന്നാം ക്വാർട്ടർ ഫൈനൽ മൽസരം തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പി.ആർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അലോക് ശശിധരൻ മുഖാതിഥിയായി.
ഇന്ന് നാലാം ക്വാർട്ടറിൽ പൾസ് ചാരിറ്റബിൾ ട്രസ്റ്റ് മൂവാറ്റുപുഴ ആതിഥേയരായ സീമെൻസ് തിരുമൂലപുരത്തെ നേരിടും. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് കെ പ്രകാശ് ബാബു മുഖ്യാതിഥിയാകും.