കുളം നിർമ്മാണം
അടൂർ- പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു സ്ത്രീ തൊഴിലാളികളുടെ കരുത്തിൽ മേലൂട് ഉദയഗിരിയിൽ കുളം നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. പതിമൂന്ന് മീറ്റർ നീളത്തിലും എട്ടു മീറ്റർ വീതിയിലും മൂന്ന് മീറ്റർ ആഴത്തിലുമാണ് കുളം നിർമാണം പുരോഗമിക്കുന്നത്. കുളം നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന 30 തൊഴിലുറപ്പ് തൊഴിലാളികളിൽ 28 പേരും വനിതകളാണ്. കുളം നിർമാണത്തിലൂടെ തൊഴിലുറപ്പ് ജീവനക്കാർക്ക് 500 തൊഴിൽ ദിനങ്ങൾ ലഭ്യമായി. നിർമാണം പൂർത്തിയാക്കാൻ 30 തൊഴിലുറപ്പ് തൊഴിലാളികൾക്കുമായി ആകെ 982 തൊഴിൽ ദിനങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ 20192020 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2,90,200 രൂപ ചെലവഴിച്ചാണ് നിർമാണം. കുളത്തിന് സംരക്ഷണ ഭിത്തിയായി കയർ ഭൂവസ്ത്രം വിരിക്കാനാണ് തീരുമാനം. മേലൂട് മേഖലയിൽ കുടിവെള്ള സ്രോതസായും, കൃഷിക്കും കുളത്തെ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. മേലൂട് ശാന്തിഭവനം രഞ്ജിത്തിന്റെ സ്ഥലത്താണ് കുളം നിർമാണം പുരോഗമിക്കുന്നത്.
അപേക്ഷിക്കാം
പത്തനംതിട്ട- ഹരിതകേരളം മിഷൻ ജനുവരി 15 മുതൽ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ബദൽ ഉത്പന്ന പ്രദർശന വില്പന മേളയിൽ സ്റ്റാളുകൾ അനുവദിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ബദൽ ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് പ്രദർശന വില്പനമേള. ഹരിതകേരളം മിഷൻ സഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോട് അനുബന്ധിച്ചാണ് പരിപാടി. പ്രദർശനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹരിതകേരളം മിഷനിൽ ബന്ധപ്പെടണം. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലായി ഉള്ളവയ്ക്ക് പ്രാധാന്യം നൽകുന്ന വസ്തുക്കൾ, വ്യത്യസ്തങ്ങളായ ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ എന്നിവയാണ് പ്രദർശനത്തിൽ പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9387801694 എന്ന നമ്പരിൽ ബന്ധപ്പെടണം.