ശബരിമല:പുതുവത്സരത്തോടനുബന്ധിച്ച് ശബരീശനെ തൊഴാൻ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. 2019ന്റെ അവസാനദിനം വൈകിട്ട് ഏഴുമണി വരെ പ്രാഥമിക കണക്ക് അനുസരിച്ച് 63803 പേരാണ് അയ്യനെ കാണാൻ മല ചവിട്ടിയത്. പമ്പ വഴി 62753 പേരും പുല്ലുമേട്ടിലൂടെ 1050 പേരുമാണ് ഏഴു മണി വരെ ദർശനത്തിനെത്തിയതെന്ന് പൊലീസ് അറിയിച്ചു.

മകരവിളക്കിന് നട തുറന്ന ശേഷം സന്നിധാനത്ത് തീർത്ഥാടകപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പമ്പയിൽനിന്ന് 22009 പേരും പുൽമേട്ടിൽ നിന്ന് 989 പേരും ദർശനത്തിനെത്തിയതായാണ് ആദ്യ കണക്കുകൾ. ചൊവ്വാഴ്ച രാവിലെ മുതൽ തുടങ്ങിയ തിരക്ക് നേരം വൈകുംതോറും വർദ്ധിക്കുകയാണ്.ദീപാരാധന സമയത്ത് വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു.നെയ്യഭിഷേകത്തിനും വലിയ തിരക്കുണ്ടായി.പുതുവർഷപ്പുലരിയിൽ അയ്യനെ തൊഴാൻ സന്നിധാനത്ത് തുടരുകയാണ് പലതീർത്ഥാടകരും.

തിരക്ക് അധികമായതോടെ പൊലീസ് സുരക്ഷ ഏർപ്പാടുകൾ കൂടുതൽ ശക്തമാക്കി. മണ്ഡലകാലത്തെ പോലെ തന്നെ തന്നെ തമിഴ്നാട്, കർണാടക, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. തമിഴ്നാട് റവന്യൂ മന്ത്രി ആർ ബി ഉദയകുമാർ ചൊവ്വാഴ്ച വൈകിട്ട് ശബരിമല ദർശനത്തിനെത്തി.