ചിന്നക്കട - ബീച്ച് റോഡിൽ നടന്നുനീങ്ങാൻ പ്രയാസം
കൊല്ലം: ഒരു വശത്ത് തുറന്നിട്ട ഓട, മറുവശത്ത് മലിനജലം, റോഡിലാകട്ടെ നിറയെ വാഹനങ്ങളും.! നടന്നുനീങ്ങാൻ സ്ഥലമില്ലാത്ത അവസ്ഥയിൽ നടപ്പാത മാത്രമാണ് കാൽനടയാത്രികർക്ക് ആശ്വാസം. എന്നാൽ കൈവരികളില്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങളും കാറുകളും ഉൾപ്പടെ പാർക്ക് ചെയ്യുന്നത് നടപ്പാതയിലാണ്. ഈ അവസ്ഥയിൽ ഞങ്ങളേത് വഴി നടക്കുമെന്നാണ് കാൽനട യാത്രികർ ചോദിക്കുന്നത്.
കൊല്ലം ചിന്നക്കടയിൽ നിന്ന് ബീച്ച് റോഡിലേക്കുള്ള കാൽനടയാത്ര കുറച്ച് സാഹസികമാണ്. അപകടം എപ്പോ വേണമെങ്കിലും സംഭവിക്കാം എന്ന അവസ്ഥയാണ് ഈ റോഡിൽ. എ.ടി.എം, ജുവലറി എന്നിവയ്‌ക്ക് മുന്നിലെ നടപ്പാതകളിൽ ഒക്കെ വാഹനങ്ങൾ കൈയേറിയ അവസ്ഥയാണ്. ചിലയിടങ്ങളിൽ കടകളിലെ സാധനങ്ങൾ ഇറക്കിവയ്ക്കാനും നടപ്പാതകൾ ഉപയോഗിക്കുന്നുണ്ട്.
വൈ.എം.സി.എ റോഡിന് സമീപത്തുള്ള റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ബീച്ച് റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണവും കൂടും. ഇതിനിടയിൽ റോഡ് ക്രോസ് ചെയ്യാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. അതിനിടയിലാണ് പലരും നടപ്പാത കൈയേറുന്നത്.
മുമ്പ് തെരുവോര കച്ചവടക്കാർ നടപ്പാതകൾ കൈയേറിയതും ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഓപ്പറേഷൻ ഈസി വാക്കിന്റെ ഭാഗമായി കുറേയധികം പേരെ ഒഴിപ്പിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. എന്നാൽ നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ ആരും പ്രതികരിക്കാത്തതാണ് സ്ഥിതി വഷളാകാൻ കാരണം. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തവർക്ക് പിന്നാലെ അധികൃതർ പായുമ്പോഴും കാൽനട യാത്രക്കാർ നേരിടുന്ന ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പലയിടങ്ങളിലും കൈവരികളില്ല
പലപ്പോഴും അമിതവേഗത്തിൽ വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് കാൽനടയാത്രക്കാരെ രക്ഷിക്കുന്നത് നടപ്പാതകളാണ്. സ്ഥലപരിമിതി മൂലം ഇവിടത്തെ നടപ്പാതകളിൽ കൈവരികളില്ലാത്തതിനാലാണ് പാർക്കിംഗ് കൂടുന്നത്. രാവിലെയും വൈകിട്ടും തിരക്കേറുമ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള പാച്ചിലിൽ പലരും ഇത്തരം നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.