കൊല്ലം: ബോക്സിംഗിൽ സംസ്ഥാനത്തിന് പുത്തൻ പ്രതീക്ഷയാകുകയാണ് മേഘമഹേഷ് എന്ന ചുണക്കുട്ടി. നവംബർ 16 മുതൽ 20 വരെ മദ്ധ്യപ്രദേശിൽ നടന്ന ദേശീയ സ്‌കൂൾ കായിക മേളയിൽ ബോക്സിംഗ് ജൂനിയർ വിഭാഗത്തിൽ (81 കിലോഗ്രാമിന് മുകളിൽ) വെള്ളിമെഡലുമായെത്തിയ മേഘ ഇടിക്കൂട്ടിൽ കേരളത്തിന്റെ ഭാവി വാഗ്ദാനമാകുകയാണ്. കേരളത്തെ പ്രതിനിധീകരിച്ച് ബോക്സിംഗിൽ മത്സരിച്ച പെൺകുട്ടികളുടെ ടീമിലെ ഏക മെഡൽ ജേതാവായ മേഘ മയ്യനാടിന്റെയും അഭിമാനമായി. മയ്യനാട് വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിനിയായ മേഘ സ്‌കൂളിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.
ദേശീയ കായികരംഗത്ത് തന്റെ കന്നി അങ്കത്തിൽ തന്നെ ചരിത്രനേട്ടം കൈവരിച്ച മേഘ മയ്യനാട് ജന്മംകുളം മഹേഷ് ഭവനിൽ കൽപ്പണിക്കാരനായ മഹേഷിന്റെയും വീട്ടമ്മയായ സുമയുടെയും രണ്ടു പെൺമക്കളിൽ മൂത്തവളാണ്. ഈ അദ്ധ്യയന വർഷാരംഭം മുതൽ സ്കൂളിലെ കായിക പരിശീലകൻ മഹേഷ് കുമാറിന്റെ ശിക്ഷണത്തിൽ അത്ലറ്റിക് പരിശീലനം നടത്തിവന്ന മേഘയുടെ ബോക്സിംഗിലെ കഴിവുകൾ കണ്ടറിഞ്ഞ് അതിലേക്ക് വഴിതിരിച്ചു വിട്ടത് പരിശീലകനാണ്. തന്റെ കണ്ടെത്തൽ പിഴച്ചില്ലെന്ന അഭിമാനമാണ് മഹേഷ് കുമാർ പങ്ക്‌വയ്ക്കുന്നത്.
മദ്ധ്യപ്രദേശിൽനിന്ന് വെള്ളിമെഡലുമായെത്തിയ മേഘയെ ജന്മനാടും സ്‌കൂളും ഗംഭീര സ്വീകരണമൊരുക്കിയാണ് എതിരേറ്റത്.
ഇനി ബോക്സിംഗിൽ ഉന്നതനേട്ടങ്ങൾ ലക്ഷ്യമാക്കി സ്‌പോർട്സ് കൗൺസിൽ കോച്ച് ജിലാലിന്റെ ശിക്ഷണത്തിൽ മുന്നേറുക എന്നതാണ് മേഘയുടെ ഭാവിപരിപാടി. സഹോദരിയും വെള്ളമണൽ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയുമായ മീര മഹേഷ് യോഗ പരിശീലനത്തിൽ ജില്ലാതല മെഡൽ ജേതാവാണ്