കരുനാഗപ്പള്ളി : കൈത്തറി തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കൈത്തറി തൊഴിലാളി കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ യൂണിഫോമിന്റെ കൂലി വർദ്ധിപ്പിക്കുക, റിബേറ്റ് കുടിശ്ശിക അനുവദിക്കുക, ഇൻസെന്റീവ് കുടിശ്ശിക വിതരണം ചെയ്യുക, കൈത്തറി മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന് സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി സിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു. തുടർന്നുള്ള കൂട്ടധർണ സി .പി .എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ താലൂക്ക് കമ്മിറ്റി സെക്രട്ടറി ബി. സജീവൻ, ജില്ലാ സെക്രട്ടറി പ്രകാശ്, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ. അനിരുദ്ധൻ, യൂണിയൻ സ്റ്റേറ്റ് കൗൺസിൽ അംഗം പാർത്ഥസാരഥി, ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രാജീവ് എന്നിവർ പ്രസംഗിച്ചു.