പടിഞ്ഞാറേക്കല്ലട: പടിഞ്ഞാറേക്കല്ലട ഗ്രാമ പഞ്ചായത്തിൽ നടന്ന ലീഗൽ സർവീസ് ക്ലിനിക്ക് ശാസ്താംകോട്ട ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് എസ്. ഹാഷിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനങ്ങൾക്ക് സൗജന്യ നിയമ സഹായം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും ഇവിടുത്തെ ക്ലിനിക്കിൽ പരാതികൾ സ്വീകരിക്കുകയും അതോടൊപ്പം എതിർ കക്ഷികൾക്കുള്ള നോട്ടീസ് അയച്ചു അവരെ വിളിച്ചു വരുത്തി പരാതികൾക്ക് തീർപ്പുകൽപ്പിക്കുകയും ചെയ്യും. സിവിൽ-ക്രിമിനൽ കേസുകൾ ഇവിടെ സ്വീകരിക്കും. ജനങ്ങൾ വർഷങ്ങളോളം കോടതികളിൽ കയറിയിറങ്ങി ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഇതുമൂലം ഒഴിവാക്കാം. പഞ്ചായത്ത് ക്ലിനിക്കിൽ പരിഹരിക്കാൻ പറ്റാത്ത കേസുകൾ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി കൈമാറും. 1987ലാണ് ലീഗൽ സർവീസസ് അതോറിറ്റി ആക്ട് നിലവിൽ വന്നത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ശിവൻകുട്ടി, വൈ.എ. സമദ്, ഉഷ, മണികണ്ഠൻ, ജയശ്രീ, ആർ. ജോസ്, ചന്ദ്രശേഖരൻ, സരസ്വതി, യശ്പാൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.കെ. പ്രസാദ്, സെക്രട്ടറി സിന്ധു, ലീഗൽ സർവീസ് ക്ലിനിക് കൗൺസിലർ അഡ്വ. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കെ. സുധീർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സീമ നന്ദിയും പറഞ്ഞു.