photo

കാഞ്ഞങ്ങാട്: ആദിത്യപ്രസാദ് വേദിയിൽ നിറഞ്ഞാടിയപ്പോൾ ആ അമ്മ സങ്കടങ്ങളുടെ ഭാരം മറന്നു. കാലിലെ ചിലങ്കയുടെ മണികിലുക്കത്തിന് പിന്നിൽ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ പിൻബലമുണ്ട്. ആദിത്യപ്രസാദ് വേദിയിൽ നിന്നുമിറങ്ങിയപ്പോൾ തളംകെട്ടിനിന്ന സങ്കടങ്ങളെ പാടെ മറന്നൊരു ചുംബനം നൽകാൻ അമ്മമനം മടിച്ചില്ല. സന്തോഷത്തിന്റെ നിർമ്മല ചുംബനത്തിന് പറയാനൊരുപാട് കഥകളുണ്ട്...

കഥ ഇങ്ങനെ...
പത്തനംതിട്ട എഴുമറ്റൂ‌ർ ഗ്രാമപഞ്ചായത്ത് ആറ് വർഷം മുൻപ് നൽകിയ മൂന്ന് സെന്റ് ഭൂമിയിലെ പാതിവഴിയിൽ പണിനിലച്ച ചെറിയ കൂരയിലാണ് ഇരുവരുടേയും താമസം. രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ പ്രസാദ് മരിച്ചു. പഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുത്താണ് നിർമ്മല കുടുംബജീവിതം തള്ളിനീക്കുന്നത്. അരവയർ നിറയ്ക്കാൻ ബുദ്ധിമുട്ടുള്ള ദിവസങ്ങളുണ്ടാകും. അവധി ദിനങ്ങളിൽ മകനും പണിസ്ഥലത്തേക്കിറങ്ങും. ആദിത്യന് നൃത്തത്തോടെ കുട്ടിക്കാലത്തേ തുടങ്ങിയതാണ് കമ്പം. ഇല്ലായ്മകളിൽ നട്ടം തിരിയുമ്പോൾ മകൻ്റെ കലാവാസനയ്ക്ക് മുന്നിൽ മുഖംതിരിച്ചിരുന്ന അമ്മയ്ക്ക് സ്കൂളിലെ അദ്ധ്യാപകരടക്കം പ്രോത്സാഹനമേകി. നെടുങ്കണ്ടം രാജുവിനൊപ്പവും പിന്നീട് കട്ടപ്പന വി.കുമാറിനൊപ്പവും ആദിത്യൻ നൃത്തപഠനം നടത്തി. മികവിന്റെ നടന മുദ്രകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. കഴിഞ്ഞ നാല് വർഷവും മൂന്ന് നൃത്ത ഇനങ്ങളിൽ അവൻ എ ഗ്രേഡ് വാങ്ങിയിരുന്നു. ഇത്തവണ കലാനഗരിയിലേക്ക് പോകേണ്ടെന്ന് നിർമ്മല തീരുമാനിച്ചതാണ്. കാരണം എല്ലാവർക്കും അറിയാവുന്നതിനാൽ പത്തനംതിട്ട വലിയകുന്നം സെൻ്റ് മേരീസ് വി.എച്ച്.എസ്.എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരു തുക സമാഹരിച്ച് നിർമ്മലയുടെ വലംകൈയിൽ ഏൽപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വക മറ്റൊരു പൊതിയുമുണ്ടായിരുന്നു. ഭരതനാട്യം, കേരളനടനം, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് മത്സരിക്കുന്നത്. മൂന്നിനുമുള്ള വസ്ത്രം തവണ വ്യവസ്ഥയിൽ വാടകയ്ക്ക് കിട്ടി. തിരുവല്ലയിൽ നിന്നും ട്രെയിനിൽ കലാനഗരിയിലേക്ക് തിരിച്ചപ്പോൾ കമ്പാർട്ട്മെൻ്റെ മാറിക്കയറിയതിന് ടി.ടി.ആർ ഇറക്കിവിട്ടു. ഏറെ ബുദ്ധിമുട്ടിയാണ് എത്തിയതെങ്കിലും മികവിൻ്റെ ഗ്രേഡുകളുമായി ഇനി മടങ്ങാം.

വീടെത്തിയാൽ തൊഴിലുറപ്പിന്റെ പണിക്കിറങ്ങണം, അന്നമൊരുക്കണം. പാതിവഴിയിലായ വീട് പണിയണം.. മകനെ നിലയിലാക്കണം.. അമ്മ മനംനിറയെ സ്വപ്നങ്ങളാണ്.