കൊല്ലം: മയ്യനാട് എസ്.എസ് സമിതി കേന്ദ്രത്തിൽ നിന്ന് ഒരംഗം കൂടി സ്വദേശത്തേക്ക് മടങ്ങി. കൊട്ടിയം ഹോളിക്രോസ് ആശുപത്രി റോഡിൽ അവശനിലയിൽ കണ്ടെത്തിയ മുഹമ്മദ് റസൂൽ കരീമാണ് സ്വദേശമായ ബംഗ്ലാദേശിലേക്ക് യാത്രയായത്.
2013ലാണ് സമിതി മാനേജിംഗ് ട്രസ്റ്റിയായ ഫ്രാൻസിസ് സേവ്യർ കരീമിനെ അഭയകേന്ദ്രത്തിലേക്ക് കൂട്ടികൊണ്ട് വന്നത്. ശാരീരിക അവശതയ്‌ക്കൊപ്പം മനോദൗർബല്യവും പ്രകടിപ്പിച്ച കരീമിനെ കൊല്ലം ജില്ലാ ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗത്തിൽ ചികിത്സയ്‌ക്ക് വിധേയമാക്കി. ഓർമ്മ ശക്തി വീണ്ടെടുത്ത കരീം നാടിനെയും ബന്ധുക്കളെയും കുറിച്ച് അഭയകേന്ദ്രത്തിൽ എത്തിയ ആസ്പെയറിംഗ് ലൈവ്സ് മാനേജിംഗ് ട്രസ്റ്റി മനീഷ് കുമാറിനോട് പറയുകയും അദ്ദേഹം ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെടുകയുമായിരുന്നു.
കേരളത്തിലെ മാനസിക ആരോഗ്യ പുനരധിവാസ കേന്ദ്രങ്ങളിൽ ചികിത്സ പൂർത്തിയാകുന്ന അന്യ സംസ്ഥാനങ്ങളിലുള്ളവരെ അവരുടെ വീട് കണ്ടെത്തി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ആസ്പെയറിംഗ് ലൈവ്സ്. ബംഗ്ലാദേശിലെ പഞ്ചഗോർ ജില്ലയിലെ പത്താൻഹര വില്ലേജിലെ ഷെപായപാറ ഗ്രാമത്തിലെ കരീമിന്റെ ബന്ധുക്കളുമായി സംഘടനാ പ്രവർത്തകർ ബന്ധപ്പെട്ടു. കരീമിനെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കി എസ്.എസ്.സമിതി പ്രവർത്തകർ അദ്ദേഹത്തെ മനീഷിന് കൈമാറി.
ബസ് മാർഗം ചെന്നൈയിൽ എത്തിയശേഷം വിമാനമാർഗം ബംഗാളിൽ എത്തി അതിർത്തിയിൽ വച്ച് ആസ്പെയറിംഗ് ലൈവ്സ് പ്രവർത്തകർ കരീമിനെ ബന്ധുക്കൾക്ക് കൈമാറും.