അഞ്ചാലുംമൂട്: ഇടുങ്ങിയ റോഡുകളിലും ഗതാഗതകുരുക്കിലുമായി പൊതുജനം വലഞ്ഞിട്ടും അഞ്ചാലുമൂട് വികസനത്തിന് ചെറുവിരൽ പോലുമനക്കാതെ അധികൃതർ. ഒരുതവണയെങ്കിലും അഞ്ചാലുംമൂട് വഴി യാത്രചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിൽ മനസിലാകും ഇവിടത്തെ ബുദ്ധിമുട്ട്.
പഴയ തൃക്കടവൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന അഞ്ചാലുംമൂട് കോർപ്പറേഷനിലേക്ക് ലയിപ്പിച്ചപ്പോൾ വികസനകാര്യങ്ങളിൽ ചെറുതല്ലാത്ത വാഗ്ദാനങ്ങളാണ് കൊല്ലം നഗരസഭാ അധികൃതർ നൽകിയതെന്ന് നാട്ടുകാർ പറയുന്നു. അഞ്ചാലുംമൂട് ടൗൺ വികസനത്തിനായി അഞ്ച് കോടി രൂപ അനുവദിക്കുമെന്ന വാഗ്ദാനം നാലുവർഷം പിന്നിട്ടിട്ടും അധികൃതർക്ക് കുലുക്കമില്ല.
അനുദിനം വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പവും ബൈപാസിൽ നിന്ന് കുണ്ടറ, കൊട്ടാരക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ അഞ്ചാലുംമൂട് റോഡിനെ ആശ്രയിക്കുന്നതും മൂലം വലിയ തോതിലുള്ള ഗതാഗത പ്രശ്നം നിലനിൽക്കുന്ന മേഖലയാണിത്. അഞ്ചാലുംമൂട്ടിലെ ഗതാഗത നിയന്ത്രണത്തിനും വികസനത്തിലും അധികൃതർ മുഖം തിരിഞ്ഞുനിൽക്കുന്നത് സാധാരണക്കാരായ യാത്രക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്നാണ് നാട്ടുകാരുടെ പക്ഷം.
ശ്വാസംമുട്ടി അഞ്ചാലുംമൂട് ജംഗ്‌ഷൻ
മൂന്നുവശവും റോഡുകളാൽ ചുറ്റപ്പെട്ട കോർപറേഷൻ ഓപ്പൺ എയർ ഓഡിറ്റോറിയം, ഇതിനോട് ചേർന്ന് ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, ടാക്സി സ്റ്റാൻഡുകൾ, പെട്ടി ഓട്ടോ, മിനിലോറി സ്റ്റാൻഡുകൾ, മൂന്ന് ബസ് സ്റ്റോപ്പുകൾ, നൂറോളം വ്യാപാര സ്ഥാപനങ്ങൾ ഇവയെല്ലാം കൂടി നിത്യേന ഗതാഗത പ്രശ്നങ്ങളിൽ വലയുകയാണ് അഞ്ചാലുംമൂട് ജംഗ്ഷൻ.
നഗരസഭയുടെ വാഗ്ദാനങ്ങൾ
പഴയ അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസ് പരിസരത്ത് ബസ് സ്റ്റാൻഡ്, സി.കെ.പി മുതൽ അഞ്ചാലുംമൂട് വരെ വൺവേ സംവിധാനം, അഞ്ചാലുംമൂട് സ്‌കൂളിന് മുന്നിലെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കൽ, ലോറി സ്റ്റാൻഡ് തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ഒന്നിന് പിറകെ ഒന്നായി നഗരസഭാ അധികൃതർ നൽകിയിരുന്നത്.