ശാസ്താംകോട്ട: ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ കൊയ്ത്തു യന്ത്രം അധികൃതരുടെ കൺമുന്നിൽ കിടന്ന് ദ്രവിച്ചു തുടങ്ങിയിട്ടു വർഷങ്ങളായി. ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 2008-2009 വർഷത്തിൽ 18 ലക്ഷം രൂപ മുടക്കി വാങ്ങിയ കൊയ്ത്തു യന്ത്രമാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. ജില്ലാ പഞ്ചായത്ത് തൊണ്ണൂറു ശതമാനം രൂപയും ചെലവിട്ട് ശാസ്താംകോട്ട പഞ്ചായത്തിലേക്ക് വാങ്ങിയതാണ് കൊയ്ത്തു യന്ത്രം . പതിനെട്ടു ലക്ഷത്തിലധികം രൂപ ചെലവിട്ട് വാങ്ങിയ യന്ത്രം ആകെ 238 മണിക്കൂർ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. യന്ത്രത്തിന്റെ വാടകയിനത്തിൽ ലഭിച്ച മുഴുവൻ തുകയും കൈപ്പറ്റിയ പഞ്ചായത്തിനാകട്ടെ കൊയ്ത്തു യന്ത്രം അറ്റകുറ്റപ്പണി നടത്തുന്നതെക്കുറിച്ച് യാതൊരു ധാരണയുമില്ല.
2008-2009 വർഷത്തിൽ 18 ലക്ഷം രൂപ മുടക്കി വാങ്ങിയ കൊയ്ത്തു യന്ത്രമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്
238 മണിക്കൂർ മാത്രമാണ് കൊയ്ത്തു യന്ത്രം ആകെ ഉപയോഗിച്ചിട്ടുള്ളത്.
കൊയ്ത്തു യന്ത്രത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ ലേലം ചെയ്യണം
മാറി വന്ന ഭരണ സമിതികൾ കൊയ്ത്തു യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ഫണ്ട് വകയിരുത്താതെ പരസ്പപരം മത്സരിച്ചപ്പോൾ പൊടിഞ്ഞു പോയത് പതിനെട്ടു ലക്ഷം രൂപയാണ്. കാലഹരണപ്പെട്ട കൊയ്ത്തു യന്ത്രത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടി പോലും സ്വീകരിക്കാൻ തയ്യാറാകാത്ത ശാസ്താംകോട്ട പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ
അറ്റകുറ്റപ്പണി നടത്തിയില്ല
ആദ്യ കാലത്ത് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പാടശേഖരങ്ങളിൽ ഈ കൊയ്ത്തു യന്ത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. കൃത്യ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ തകരാറിലായ യന്ത്രം പിന്നീട് ഒരു മടിയുമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. നിസാര കാരണത്താൽ പ്രവർത്തന രഹിതമായ യന്ത്രത്തിൽ അറ്റകുറ്റപ്പണി നടത്താൻ മാറി വന്ന ഭരണ സമിതികൾ തയ്യാറായില്ല.