മാലിന്യം കുന്നുകൂടി തൊഴിലാളി ക്യാമ്പ് പകർച്ചാവ്യാധി ഭീഷണിയിൽ
കൊല്ലം: മയ്യനാട് ഡി.ജെ.എം ജംഗ്ഷനിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ മദ്യവില്പനയ്ക്കിടെ നാല് ലിറ്റർ മദ്യവുമായി തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് ബിശ്വാസ് (37) ആണ് പിടിയിലായത്. 200 മില്ലിയുടെ ചെറുകുപ്പികളിലാക്കിയാണ് ഇയാൾ മദ്യം വിറ്റിരുന്നത്. മദ്യം വിറ്റ വകയിൽ 3800 രൂപയും പിടിച്ചെടുത്തു.
ക്യാമ്പിൽ വ്യാപകമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായും രാത്രികാലങ്ങളിൽ ബഹളം പതിവാണെന്നുമുള്ള പരിസരവാസികളുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. എക്സൈസ് സംഘം സ്ഥലത്ത് എത്തുമ്പോൾ നൂറോളം തൊഴിലാളികൾ തങ്ങുന്ന ക്യാമ്പിൽ കക്കൂസ് ടാങ്ക് പൊട്ടിയും ഭക്ഷണാവശിഷ്ടങ്ങൾ അഴുകിയും അസഹ്യമായ ദുർഗന്ധമായിരുന്നു. പ്ലാസ്റ്റിക്കും കുന്നുകൂടി കിടക്കുകയായിരുന്നു. ക്യാമ്പിലെ അവസ്ഥ സംബന്ധിച്ച് എക്സൈസ് സംഘം ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകി.
കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദ്, പ്രിവന്റീവ് ഓഫീസർ എസ്. നിഷാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മനു കെ. മണി, പി.എസ്. ശരത്, ടി. ടോമി, എം. മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ജെ. താജുദ്ദീൻ കുട്ടി അറിയിച്ചു.