pathanapuram
റോഡിന് കുറുകേ വീണ കൂറ്റൻ ആഞ്ഞിലി മരം

പത്തനാപുരം ; റോഡിന് കുറുകേ വീണ കൂറ്റൻ ആഞ്ഞിലി മരം ആറ് മാസമായിട്ടും റവന്യൂ വകുപ്പ് അധികൃതർ മുറിച്ച് മാറ്റിയില്ല. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം തീരാ ദുരിതത്തിലാണ് തലവൂർ മഞ്ഞക്കാലയിലെ രണ്ട് കുടുംബങ്ങൾ. താലൂക്ക്, വില്ലേജ് ഓഫീസുകളിൽ പരാതിയുമായി കയറിയിറങ്ങിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ഇവർ പറയുന്നു. സ്വന്തം വീടുകളിലേക്ക് മരത്തിന് മുകളിലൂടെ കയറിയിറങ്ങിപ്പോകേണ്ട അവസ്ഥയിലാണ് തോട്ടത്തിൽ വീട്ടിൽ ഭവാനി അമ്മയുടെയും പ്രസന്നകുമാരിയുടെയും കുടുംബങ്ങൾ. മഞ്ഞക്കാല ആറ്റൂർക്കാവ് ദേവീക്ഷേത്രത്തിന് സമീപം പുറമ്പോക്ക് ഭൂമിയിൽ നിന്ന ആഞ്ഞിലി മരമാണ് കഴിഞ്ഞ പ്രളയകാലത്ത് പഞ്ചായത്ത് റോഡിലേക്ക് കടപുഴകിയത്. മരം വീണ് ലക്ഷ്മീ വിലാസത്തിൽ കുഞ്ഞിരാമൻ പിളളയുടെ കാർഷിക വിളകൾ നശിച്ച നിലയിലാണ്. സമീപത്തുള്ള വെൺകുളം ഏലായിലേക്കുളള ഏക വഴിയും ഇതോടെ അടഞ്ഞിരിക്കുകയാണ്.