coastal-police

കൊല്ലം: ഇരവിപുരം കേന്ദ്രമായി പുതിയ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിച്ചു. തീരദേശം കേന്ദ്രീകരിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

 നീണ്ടകര കോസ്റ്റൽ സ്റ്റേഷൻ

പരവൂർ മുതൽ അഴീക്കൽ വരെ 70 കിലോ മീറ്റർ നീളത്തിലാണ് ജില്ലയിൽ നിലവിലുള്ള നീണ്ടകര പൊലീസ് സ്റ്റേഷന്റെ അധികാര പരിധി. ഇതിനിടയിൽ ചെറുതും വലുതുമായ 22 മത്സ്യബന്ധന കേന്ദ്രങ്ങളുണ്ട്. വാടിയും നീണ്ടകരയും അടക്കം മൂന്ന് പ്രധാന മത്സ്യബന്ധന തുറമുഖങ്ങളുമുണ്ട്. ഇതിന് പുറമേയാണ് കൊല്ലം പോർട്ടും മാതാ അമൃതാനന്ദമയീ മഠവും അടക്കമുള്ള പ്രധാന കേന്ദ്രങ്ങൾ. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെയുള്ള മേഖലയുടെ സുരക്ഷാ ചുമതല കോസ്റ്റൽ പൊലീസിനാണ്.

 ഉദ്യോഗസ്ഥർ, ബോട്ടുകൾ എന്നിവയിൽ കുറവ്

ഉദ്യോഗസ്ഥരുടെയും നിരീക്ഷണ ബോട്ടുകളുടെയും കുറവ് കാരണം നീണ്ടകര കോസ്റ്റൽ പൊലീസിന് സ്റ്റേഷനിൽ നിന്ന് അകലെയുള്ള സ്ഥലങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ കഴിയുന്നില്ല. കടൽ മാർഗം തീവ്രവാദികൾ അടക്കം വരാനുള്ള സാദ്ധ്യത നിലനിൽക്കെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്നതോ മടങ്ങിവരുന്നതോ ആയ ബോട്ടുകളിലും വേണ്ടത്ര പരിശോധനയും നടക്കുന്നില്ല.

 ഇരവിപുരത്ത് സ്റ്റേഷൻ വന്നാൽ...

സംസ്ഥാനത്ത് നിലവിൽ 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളുണ്ട്. കൊല്ലം ഒഴികെ തീരദേശം കൂടുതലുള്ള എല്ലാ ജില്ലകളിലും രണ്ട് പൊലീസ് സ്റ്റേഷനുകളുണ്ട്. ആലപ്പുഴയിലെ തോട്ടപ്പള്ളി കോസ്റ്റൽ സ്റ്റേഷൻ നീണ്ടകര സ്റ്റേഷനിൽ നിന്ന് 52 കിലോ മീറ്റർ അകലെയാണ്.

ഇരവിപുരം കേന്ദ്രമായി പുതിയ കോസ്റ്റൽ സ്റ്റേഷൻ വന്നാൽ നീണ്ടകര സ്റ്റേഷന്റെ അധികാരപരിധി പകുതിയായി കുറയും. 40 പുതിയ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുന്നതിനൊപ്പം നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും പുതിയ ബോട്ടുകളും ലഭിക്കും.

 തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെ സുരക്ഷാ ചുമതല കോസ്റ്രൽ പൊലീസിന്

 സംസ്ഥാനത്താകെ 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾ

 ജില്ലയിലെ നിലവിലെ ഏക കോസ്റ്റൽ പൊലീസ് സ്റ്റേഷൻ നീണ്ടകരയിൽ

 അധികാര പരിധി പരവൂർ മുതൽ അഴീക്കൽ വരെ (70 കി.മീ)