കൊല്ലം: കേരളം ഇതുവരെ കാണാത്ത മിന്നൽ യാത്രാനുഭവമാണ് തിരുവനന്തപുരം കാസർകോട് അർദ്ധഅതിവേഗ റെയിൽപദ്ധതിയായ സിൽവർ ലൈൻ നൽകുകയെന്ന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ എം.ഡി വി. അജിത് കുമാർ പറഞ്ഞു. ക്വയിലോൺ മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം ആദ്യം വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി ഉടൻ തന്നെ നിർമാണം തുടങ്ങുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഡി.പി.ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സർവേയും പ്രാഥമിക അലൈൻമെന്റും പൂർത്തിയായി. മണ്ണു പരിശോധന 70% പിന്നിട്ടു. പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നുണ്ട്. ഹെലികോപ്റ്റർ സഹായത്തോടെ അന്തിമ അലൈൻമെന്റ് ഉടൻ നടക്കും. ഇതിനുവേണ്ടി നടത്തേണ്ട ലൈഡാർ സർവെയ്ക്ക് അനുമതിയായി.
കുറഞ്ഞ പലിശ നിരക്കിൽ വായ്പ എടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൺവെൻഷൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റിജി ജി.നായർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയ്യ്ക്ക് റിജി ജി നായർ പുരസ്‌കാരം സമർപ്പിച്ചു. എം.നൗഷാദ് എം.എൽ.എ പ്രസംഗിച്ചു. സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു.
കേരള ലാൻഡ് യൂസ് കമ്മിഷണർ എ. നിസാമുദീൻ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ.അജിത് ഹരിദാസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് മുൻ ചെയർമാൻ ഡോ.ജി.ചന്ദ്രമോഹൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സ്റ്റേഷനുകൾ
തൃശൂർ മുതൽ കാസർകോട് വരെ നിലവിലിലുള്ള സ്റ്റേഷനു സമീപമാകും അതിവേഗ പാതയുടെ സ്റ്റേഷനുകൾ.
പരിഗണിക്കുന്ന
ഫീഡർ സ്റ്റേഷനുകൾ
1.ആറ്റിങ്ങൽ,
2.കല്ലമ്പലം,
3.പാരിപ്പള്ളി,
4ചാത്തന്നൂർ
യാത്രാസമയം
തിരുവനന്തപുരം- കൊല്ലം : 24 മിനിറ്റ്
കൊല്ലം - ചെങ്ങന്നൂർ : 48 മിനിറ്റ്
കൊല്ലം-കോട്ടയം : 60 മിനിട്ട്,
കൊല്ലം-എറണാകുളം :1.26 മണിക്കൂർ
നൂതന സംവിധാനങ്ങൾ
സിഗ്‌നൽ
ഓട്ടോമാറ്റിക് ട്രെയിൻ കൺട്രോൾ
വാർത്താവിനിമയം,
ടിക്കറ്റിന് ഓട്ടോമാറ്റിക് കംപ്യൂട്ടർ
ചെലവ്
56,443 കോടി രൂപ
നിർമാണം പൂർത്തിയാകുമ്പോൾ
66,079 കോടി രൂപയാകും.