കാഞ്ഞങ്ങാട് : തെയ്യങ്ങളുടെ നാട്ടിൽ തെയ്യംകെട്ടിയാടാൻ മകളൊരുങ്ങിയപ്പോൾ സുനിൽ മേസ്തിരിപ്പണിക്ക് അവധികൊടുത്തു. തുണിക്കടയിൽ നിന്നും ലീവെടുത്താൽ അന്നത്തെ ശമ്പളം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും അമ്മ അർച്ചനയും ഒപ്പം കൂടി. ബന്ധുവിന്റെ കാറിൽ കലാനഗരിയിലെത്തിയപ്പോൾ സുനിൽ കീശ തപ്പി. മത്സരം കഴിഞ്ഞാലുടൻ മടങ്ങണം.
ഇവിടെ മഴപെയ്യാനൊരുങ്ങിയപ്പോൾ മനസിലാധിയേറി. ഏറ്റിരിക്കുന്ന വീടിന്റെ പണി പാതിവഴിയിലാണ്, മഴ ചതിക്കുമോ? ശ്രീലക്ഷ്മി വേദിയിൽ കയറിയപ്പോഴേക്കും ടെൻഷനൊക്കെ എങ്ങോട്ടോ പോയി.
ദാരിക നിഗ്രഹമാണ് രംഗത്ത് ശ്രീലക്ഷ്മി നാടോടി നൃത്തമാക്കി അവതരിപ്പിച്ചത്. ദാരികന്റെ ഭാര്യ മാലിനി ശിവനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തുന്നതും വസൂരി രോഗം പടർത്താനുള്ള സിദ്ധി നേടുന്നതും ഭദ്രകാളിയെയും പിന്നെ കാട്ടുനിവാസികളെയും വിയർപ്പ് തുള്ളികളെറിഞ്ഞ് വസൂരി പടർത്തുന്നതുമായ രംഗങ്ങളിൽ ശ്രീലക്ഷ്മി പകർന്നാട്ടം നടത്തി.
ഒടുവിൽ മാലിനിയെ മറുതക്കോലമാക്കി കാട്ടുവാസികൾ ആരാധിക്കുകയാണ്. മറുതക്കോലമായി മാറുന്ന തെയ്യം സദസ്സിനെ നന്നെ രസിപ്പിച്ചു. മികവ് കാട്ടി ഗ്രേഡുമായി കലാനഗരിയോട് വിടപറയുപോൾ കന്നിയങ്കത്തിനെത്തി വിജയം പിടിച്ചെടുത്ത സന്തോഷമുണ്ട്
ശ്രീലക്ഷ്മിയുടെ മുഖത്ത്. ഒപ്പം ഹരിപ്പാട് കാർത്തികപ്പള്ളി ശ്രീലക്ഷ്മിയിൽ സുനിൽകുമാറിനും അർച്ചനയ്ക്കും ആശ്വാസവും. മകൾക്കൊപ്പം വന്നത് വെറുതെയായില്ല, ഇനി ജോലിത്തിരക്കിലേക്ക് മടങ്ങാം. ആലപ്പുഴ മുതുകുളം കെ..വി..സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.