tessa-robort-1
ഡെൽഹി മാക്സ് മുള്ളർ മാർഗിലെ ഇന്ത്യ ഇന്റർനാഷണൽ സയൻസ് സെന്ററിൽ നടന്ന രാജ്യാന്തര സെമിനാറിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ടെസ്സ റോബോട്ടുമായി പങ്കെടുത്തപ്പോൾ

കൊല്ലം: ഇന്ത്യയിലാദ്യമായി സ്കൂൾ കാമ്പസിൽ പിറവിയെടുത്ത ജീനിയസ് റോബോട്ട് ടെസ്സയുടെ പ്രശസ്തി അന്താരാഷ്ട്രതലത്തിലേക്ക്. സിദ്ധാർത്ഥ റോബോട്ടിക്സ് ക്ലബിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ പൂർണമായും പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ക്യാമ്പസിൽ നിർമ്മിച്ച `ടെസ്സയെ' നവംബർ 29ന് ഡെൽഹി മാക്സ് മുള്ളർ മാർഗിലെ ഇന്ത്യ ഇന്റർനാഷണൽ സയൻസ് സെന്ററിൽ എട്ടു രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ കുട്ടികൾ അവതരിപ്പിച്ചു. 12 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരും രണ്ട് രക്ഷിതാക്കളും പങ്കെടുത്തു.
വേൾഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിൽ കേന്ദ്ര കൃഷി-ശാസ്ത്ര- സാങ്കേതിക വകുപ്പിലെ ഉദ്യോഗസ്ഥരും സി.ബി.എസ്.ഇ. ഡയറക്ടർ ഡോ. ബിശ്വജിത്ത് ഷാഹ, സെന്റർ ഫോർ ഇൻഫർമേറ്റിക്സ് ചെയർമാൻ പ്രൊഫ. എം. മോണി, ടി.ഇ ആൻഡ് സി.സി ഡയറക്ടർ (കൊറിയ) ഡോ. ലി-യിംഗ് ചെൻ, യു.എൻ എഡു -അഗ്രികൾച്ചർ പ്രതിനിധി എം.എസ്. റാഷ ഒമർ തുടങ്ങി ആറു രാജ്യാന്തര പ്രതിനിധികളും പങ്കെടുത്തു.
സി.ബി.എസ്.ഇ യുടെ പുതിയ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വേഗത്തിൽ മികച്ച ഒരു പ്രോജക്ടുമായി രാജ്യത്തെ വൻകിട വിദ്യാലയങ്ങളെ പിൻതള്ളി കേരളത്തിലെ ഒരുഗ്രാമത്തിൽ നിന്നും എത്തിയ വിദ്യാർത്ഥികളെ സ്കൂളിന്റെ പേരെടുത്ത് പറഞ്ഞ് സി. ബി. എസ്. ഇ ഡയറക്ടർ അഭിനന്ദിച്ചു. ഈ മികച്ച ഉദ്യമം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടാൽ മൻകിബാത്തിൽ തീർച്ചയായും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സട്ടിഫിക്കറ്റുകളും, സ്കൂളിന് പ്രത്യേക പുരസ്കാരവും ലഭിച്ചു.