കൊല്ലം: എന്റെ വിദ്യാലയം ശുചിത്വവിദ്യാലയം പദ്ധതിയുടെ ഭാഗമായി പന്മന മനയിൽ ഗവ. എൽ.പി സ്കൂളും പരിസരവും വൃത്തിയാക്കി. വലിയത്തുമുക്ക് എസ്.എം.സി യുവജന സംഘടനയുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. എസ്.എം.സി യും രക്ഷാകർത്താക്കളും അദ്ധ്യാപകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നാണ് സ്കൂളും പരിസരവും വൃത്തിയാക്കിയത്. പന്മന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ അഹമ്മദ് മൻസൂർ , എസ്.എം.സി ചെയർമാൻ ഗോപകുമാർ , വൈസ് ചെയർമാൻ ജയൻ, ഹെഡ്മിസ്ട്രസ് ബീന, എസ്.എം.സി ഭാരവാഹികളായ കാർത്തിക്, നുലുഫ് എന്നിവർ നേതൃത്വം നൽകി.